ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ശാരി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നവാഗതനായ അനീഷ് വി.എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ശാരിയുടെ തിരിച്ചുവരവ്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ശാരി, സുരഭി ലക്ഷ്മി, ദേവ് മോഹൻ, ബിലഹരി, അഞ്ചലി നായർ തുടങ്ങി നിരവധി താരങ്ങൾ ചേർന്ന് പുറത്തിറക്കിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്.
ആക്ഷേപഹാസ്യത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ശാരിക്ക് പുറമേ മണിയൻപിള്ള രാജു, അനീഷ് ഗോപാൽ, മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇവർക്ക് പുറമേ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി.ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നതും ചിത്രത്തിൻറ്റെ മറ്റൊരു പ്രത്യേകതയാണ്.
ദിലീപ് മോഹൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് നിർമ്മിക്കുന്നത്. റഫീക്ക് അഹമ്മദിൻറ്റെ വരികൾക്ക് ബിജിലാലാണ് സംഗീതം പകർന്നിരിക്കുന്നത്. കെ എസ് ചിത്രയും സൂരജ് സന്തോഷുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത് മാഫിയ ശശിയാണ്.
ശരിയായ അദ്ധ്യാപനം, ഒരു അദ്ധ്യാപകൻറ്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൌഹൃദങ്ങളും ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശാരി അഭിപ്രായപ്പെട്ടു