വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങി മലയാള ചലച്ചിത്രം ‘ആർക്കറിയാം’

വേൾഡ് ടെലിവിഷൻ പ്രീമിയറിനൊരുങ്ങി നവാഗതനായ സാനു ജോൺ വർഗ്ഗീസ് സംവിധാനം ചെയ്ത പുതിയ ചിത്രം ആർക്കറിയാം. ചിത്രത്തിൻറ്റെ സാറ്റ് ലൈറ്റ് ഡിജിറ്റൽ റൈറ്റ് ഏഷ്യാനെറ്റ് ചാനലിനാണ് ലഭിച്ചത്. ഈ മാസം 11-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് ചിത്രത്തിൻറ്റെ ചാനൽ സംപ്രേക്ഷണം. ഏപ്രിൽ ഒന്നിന് തിയേറ്റർ പ്രദർശനത്തിന് എത്തിയ ചിത്രം പിന്നീട് കൊവിഡ് രൂക്ഷമായതോടെ ആമസോൺ പ്രൈം, നീസ്ട്രീം, കേവ്, റൂട്ട്സ്, ഫിൽമി, ഫസ്റ്റ് ഷോസ് എന്നിങ്ങനെ ആറ് ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്തിരുന്നു.

മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവ്വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഴുപത്തിയഞ്ച് വയസ്സുകാരൻ ഇട്ടിയവര എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ റോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഷറഫുദ്ദീനാണ്. ഷേർലിയായാണ് പാർവ്വതി ചിത്രത്തിൽ വേഷമിടുന്നത്. സൈജു കുറുപ്പ്, ആര്യ സലിം, ജേക്കബ് ജോർജ്, രാഹുൽ രഘു, ഡാനി, മുരളി കൃഷ്ണൻ, ശോഭ മോഹൻ, പ്രശാന്ത് മുരളി, ഗംഗ നായർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മൂൺഷോട്ട് എൻറ്റർടൈൻമെൻറ്റ്സിൻറ്റെയും ഒപിഎം ഡ്രീംമിൽ സിനിമാസിൻറ്റെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ ജനാർദ്ദനൻ, രാജേഷ് രവി, സനു ജോൺ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. എഡിറ്റിംങ് മഹേഷ് നാരായണൻ, സംഗീതം നേഹ നായർ, യെക്സാൻ ഗാരി, പശ്ചാത്തല സംഗീതം സഞ്ജയ് ദിവ്വേച്ച, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ ഡിസൈനിംങ് രതീഷ് ബാലകൃഷ്ണൻ എന്നിവർ നിർവ്വഹിക്കുന്നു.