ജോജു ജോർജും പൃഥിരാജും ഒന്നിക്കുന്ന പുതിയ ചിത്രം സ്റ്റാർ

ജോജു ജോർജ്, പൃഥിരാജ് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം അബാം മൂവിസിൻറ്റെ ബാനറിൽ എബ്രാഹം മാത്യൂവാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ ഷീലു എബ്രാഹം, ഗായത്രി അശോക്, സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി, രാജേഷ് ജി, സുബ്ബലക്ഷ്മി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയായെങ്കിലും സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ലിറിക്കൽ സോങ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബി കെ ഹരിനാരയണൻറ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്ന ആയിരം താരദീപങ്ങളായ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരാണ്.

മതവും വിശ്വാസങ്ങളും പ്രമേയമാക്കിയിരിക്കുന്ന സിനിമയിൽ അതിഥി താരമായാണ് പൃഥിരാജ് എത്തുന്നതെങ്കിലും ഏറേ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ഡോ ഡെറിക്കായാണ് പൃഥിരാജ് ചിത്രത്തിൽ വേഷമിടുന്നത്. നവാഗതനായ സുവിൻ എസ് സോമശേഖരനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സംഗീത സംവിധാനം എം ജയചന്ദ്രൻ രഞ്ജിൻ രാജ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിൻറ്റെ ഛായാഗ്രഹണം തരുൺ ഭാസ്ക്കരൻ, ചിത്രസംയോജനം ലാൽ കൃഷ്ണൻ, പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസ്, കലാസംവിധാനം കമർ എടക്കര, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് റോഷൻ എൻ ജി, സൌണ്ട് ഡിസൈനിംങ് അജിത്ത് എം ജോർജ്, സ്റ്റിൽസ് അനീഷ് അർജ്ജുൻ എന്നിവരും നിർവ്വഹിക്കുന്നു. സുഹൈൽ എം അലി, വിനയൻ എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ. കോൾഡ് കേസാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പൃഥിരാജ് ചിത്രം.