നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം കനകം കാമിനി കലഹത്തിൻറ്റെ ആദ്യ ടീസർ റിലീസ് ചെയ്തു. ഏറെ ശ്രദ്ധ നേടിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കനകം കാമിനി കലഹം. അബ്സേഡ് ഹ്യൂമർ ആണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നിവിൻ പോളിയും ഗ്രേസ് ആൻറ്റണിയും ഈജിപ്ഷ്യൻ രാജാവിൻറ്റെയും രാജ്ഞിയുടെയും വേഷത്തിലാണ് ടീസറിൽ കാണപ്പെടുന്നത്.
വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് 59 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി എൻറ്റർടെയ്നർ ആണ് ചിത്രം.വിനയ് ഫോർട്ട്, ജോയ് മാത്യൂ, സുധീഷ്, ജാഫർ ഇടുക്കി, സൂധീർ പറവൂർ, ശിവദാസൻ കണ്ണൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങി വലിയ ഒരു താരനിരയും ചിത്രത്തിലുണ്ട്. പോളി ജൂനിയർ പിക്ചേഴ്സിൻറ്റെ ബാനറിൽ നിവിൻ പോളി തന്നെ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.
എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം യാക്സൻ ഗാരി പെരേര, നേഹ നായർ. മേക്കപ്പ് ഷാബു പുൽപ്പള്ളി. വസ്ത്രാലങ്കാരം മെൽവി ജെ. പരസ്യകല ഓൾഡ് മങ്ക്സ്. സൌണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. ആർട്ട് അനീസ് നാടോടി. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ.
കുഞ്ചാക്കോ ബോബനെ നായകനാക്കി ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻറ്റെ രണ്ടാം ഭാഗമായ ഏലിയൻ അളിയൻ എന്നീ രണ്ട് ചിത്രങ്ങളും രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ്.