ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്. ചിത്രം ജൂലൈ 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയും ചെയ്തു. മികച്ച പ്രേക്ഷക സ്വീകാര്യത ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പഴയ കാല നടി ജലജയുടെ തിരിച്ചുവരവ് എന്ന ഒരു പ്രത്യേകതയും ചിത്രത്തിനുണ്ട്. രണ്ട് പതിറ്റാണ്ടിനു ശേഷം ആണ് ജലജയുടെ മടങ്ങിവരവ്. ചിത്രത്തിലെ ജലജയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അതേസമയം മറ്റൊരു പ്രത്രേകത കൂടി ഉണ്ട് ചിത്രത്തിന്. ജലജയുടെ മകൾ ദേവിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാലിക്. ജലജയുടെ കഥാപാത്രത്തിൻറ്റെ ചെറുപ്പകാലമാണ് ദേവി സിനിമയിൽ അവതരിപ്പിക്കുന്നത്.സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച സുലൈമാൻ എന്ന കഥാപാത്രത്തിൻറ്റെ ഉമ്മ ജമീല ടീച്ചർ ആയാണ് ജലജ എത്തുന്നത്. വളരെ കരുത്തുറ്റ കഥാപാത്രമാണ് ജലജയുടേത്. തിരുവനന്തപുരത്ത് ഒരു ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് സംവിധായകൻ മഹേഷ് നാരായണനെ കാണുന്നതെന്നും മാലിക്കിലേക്ക് വിളിച്ചതെന്നും ജലജ പറഞ്ഞു. കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടു. തിരിച്ചു വരവിന് പറ്റിയ കഥാപാത്രം ആണെന്നും തോന്നി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജലജ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന നായിക ആണ് ജലജ. ജി. അരവിന്ദൻറ്റെ തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ജലജയുടെ അരങ്ങേറ്റം. എലിപ്പത്തായം, വേനൽ, ചില്ല്, ഉൾക്കടൽ, രാധ എന്ന പെൺകുട്ടി, യവനിക, പടയോട്ടം, ഈ ഗാനം മറക്കുമോ തുടങ്ങി നൂറോളം ചിത്രങ്ങളിൽ ജലജ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറ്റെ പുരസ്കാരവും ജലജ നേടിയിട്ടുണ്ട്.