ഹെലൻ ഹിന്ദിയിലേക്ക്, നായികയാകാൻ ജാൻവി കപൂർ

അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹെലൻ. 2019 ൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണം ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഒരു സർവൈവർ ത്രില്ലർ ചിത്രം ആയിരുന്നു ഹെലൻ. അഭിനേതാക്കളുടെ പ്രകടനവും വ്യത്യസ്തമായ പ്രമേയവും ഹെലനെ ഏറെ ശ്രദ്ധേയമാക്കി. തമിഴ് റീമേക്കിനു ശേഷം ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യും എന്ന വാർത്തകൾ മുൻപ് വന്നിരുന്നു. തമിഴിൽ അൻപിർക്കിനിയാൾ എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. നടൻ അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത സംവിധായകൻ ഗോകുൽ ആയിരുന്നു സിനിമയുടെ സംവിധായകൻ. ഇപ്പോഴിതാ ഹെലൻ ഹിന്ദി റീമേക്കിൻറ്റെ ചിത്രീകരണം അടുത്ത മാസം തന്നെ ആരംഭിക്കും എന്ന് ആണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജാൻവി കപൂർ ആയിരിക്കും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ തന്നെ ആണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറിനൊപ്പം സണ്ണി കൌശലും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. സീ സ്റ്റുഡിയോസുമായി ചേർന്ന് ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായാണ് ജാൻവി അഭിനയിക്കുന്നത്. ഹെലൻ എന്നതിനു പകരം മിലി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. അടുത്ത മാസം ഓഗസ്റ്റിൽ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തൂരുമാനിച്ചിരിക്കുന്നത് എന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജൂണിൽ ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് മാറ്റി വയ്ക്കുക ആയിരുന്നു.

മാത്തുക്കുട്ടി സേവ്യർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടി ആയിരുന്നു ഹെലൻ. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡും മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡും ചിത്രത്തിനു ലഭിച്ചിരുന്നു.