ബിജു മേനോൻറ്റെ ഡേറ്റ് ക്ലാഷായി, മാലിക്കിൽ എത്തിയത് എങ്ങനെയെന്ന് ജോജു ജോർജ്.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. ചിത്രം ജൂലൈ 15 ന് ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ആണെങ്കിലും കൊവിഡ് സാഹചര്യത്തെ തുടർന്നാണ് ഇപ്പോൾ ഒടിടി റിലീസ് ചെയ്യുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോൾ താൻ മാലിക്കിലേക്ക് എത്തിയത് എങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജോജു ജോർജ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോജു ഇക്കാര്യങ്ങൾ പറഞ്ഞത്.

നടൻ ബിജു മേനോനു വേണ്ടി തീരുമാനിച്ചിരുന്ന വേഷമാണ് തനിക്ക് ലഭിച്ചതെന്നാണ് ജോജു പറഞ്ഞത്. ബിജു മേനോൻറ്റെ ഡേറ്റ് ക്ലാഷ് ആയതുകൊണ്ടാണ് തന്നെ വിളിച്ചത്. മഹേഷ് നാരായണൻ എന്ന സംവിധായകനാണ് തന്നെ സിനിമയിലേക്ക് ആകർഷിച്ചതെന്നും ജോജു പറഞ്ഞു. പിന്നെ വേറെ ഒന്നും നോക്കിയില്ല. സ്ക്രിപ്റ്റ് പോലും വായിക്കാതെ ആണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. ദിലീഷ് പോത്തൻറ്റെയും വിനയ് ഫോർട്ടിൻറ്റെയും ഒപ്പം ആണ് കൂടുതലും അഭിനയിച്ചത്. എല്ലാവരും ഈ ചിത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ രംഗവും ഏറെ ബുദ്ധിമുട്ടിയാണ് പൂർത്തിയാക്കിയത്.

ഫഹദിൻറ്റെ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മാലിക്. ചിത്രത്തിൻറ്റെ ട്രെയിലറും മുമ്പു ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.സുലൈമാൻ മാലിക്കായാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരു ന്യൂനപക്ഷ സമുദായത്തിൻറ്റെ നാടുകടത്തലിനെതിരെ പ്രതിഷേധിച്ച ആളാണ് സുലൈമാൻ മാലിക്ക്. 25 മുതൽ 75 വയസ്സ് വരെ പ്രായമുള്ള സുലൈമാൻ മാലിക്കിനെയാണ് ഈ സിനിമയിൽ ഫഹദ് അവതരിപ്പിക്കുന്നത്.

സിനിമയ്ക്കുവേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതും മുമ്പു വാർത്തയായിരുന്നു. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, സലിം കുമാർ, ഇന്ദ്രൻസ്, സുധി കൊപ്പ, മീനാക്ഷി രവീന്ദ്രൻ, ദിനേഷ് പ്രഭാകർ, ദിവ്യ പ്രഭ, ദേവകി രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.