കെ ജി എഫ് ടീമിനൊപ്പം പുതിയ ചിത്രവുമായി രക്ഷിത് ഷെട്ടി

കന്നഡ താരം രക്ഷിത് ഷെട്ടിക്കൊപ്പം പുതിയ ചിത്രവുമായി കെ ജി എഫ് നിർമ്മാതാക്കൾ. ചുരുങ്ങിയ കാലം കൊണ്ട് നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തിളങ്ങിയ താരമാണ് രക്ഷിത് ഷെട്ടി. റിച്ചാർഡ് ആൻറ്റണി : ലോർഡ് ഓഫ് ദി സീ എന്നാണ് ചിത്രത്തിനു പേടിട്ടിരിക്കുന്നത്. രക്ഷിത് തന്നെയാണ് ചിത്രത്തിൻറ്റെ നായകനും സംവിധായകനും എന്ന മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രം കൂടിയാണിത്.
രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവഹിക്കുന്നത്. നിർമ്മാണം വിജയ് കിരഗണ്ഡൂർ. ഛായാഗ്രഹണം കരം ചൌള, ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്ണൻ എം ആർ, ആക്ഷൻ വിക്രം മോർ.

777 ചാർലിയാണ് രക്ഷിത് ഷെട്ടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണിത്. ഏകാന്തതയിൽ ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ഒരു നായ കടന്നുവരുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൻറ്റെ പ്രമേയം. ധർമ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ഷെട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് തുടങ്ങി അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ ചിത്രത്തിൻറ്റെ റിലീസ് ഏറ്റെടുത്തിരിക്കുന്നത്.
ഉള്ളിഡവറ് കണ്ടന്തേ ആണ് രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഏഴ് ചിത്രങ്ങൾ രക്ഷിത് ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. പുണ്യകോടി എന്ന മറ്റൊരു ചിത്രവും രക്ഷിത് സംവിധാനം ചെയ്യുന്നുണ്ട്. ഇതിൻറ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.