സുരാജ് വെഞ്ഞാറമൂടും സൌബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ആയിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. മലയാള സിനിമയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ഇത്. 2019 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആദ്യം ചിത്രം കൂടിയായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പൻ.
മൂൺഷോട്ട് എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചത്. ഒരച്ഛനും മകനും അവർക്കിടയിലേക്ക് കടന്നു വരുന്ന ഒരു റോബോട്ടിൻറ്റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് വളരെ അധികം ആരാധകരെ ലഭിക്കുകയും ചെയ്തു.
ഇപ്പോഴിതാ ആൻഡ്രോയിഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം വരുകയാണ്. നിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്. ഏലിയൻ അളിയൻ എന്നാണ് ചിത്രത്തിനു പേരു നൽകിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. എസ് ടി കെ ഫ്രെയിംസിൻറ്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമൂടിൻറ്റെ കഥാപാത്രത്തിന് വളരെ അധികം പ്രശംസയും ലഭിച്ചിരുന്നു. ചിത്രത്തിൽ വളരെ പ്രായമുള്ള ഒരു കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. 2019 ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര ആവാർഡ് സുരാജിന് ലഭിച്ചത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്.
രതീഷ് ബാലകൃഷ്ണ പൊതുവാളിൻറ്റെ സംവിധാനത്തിൽ രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങാനുണ്ട്. നിവിൻ പോളി നായകനായി എത്തുന്ന കനകം കാമിനി കലഹവും കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്നിവയാണ് ചിത്രങ്ങൾ.