നിമിഷ സജയൻ ബോളിവുഡിലേക്ക്

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട് എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ മലയാളി താരം നിമിഷ സജയൻ ബോളിവുഡിലേക്ക്. ദേശീയ പുരസ്ക്കാര ജേതാവായ ഒനിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ അഭിനയിക്കാൻ ഒരുങ്ങുന്നത്. വി ആർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. 2011ൽ ഒനീർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ഐ ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണ് വി ആർ.

ചിത്രത്തിൻറ്റെ ഷൂട്ടിംങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ബാല പീഡനം, ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നാല് ഷോർട്ട് ഫിലിമുകൾ ചേർത്തിണക്കിയ ആന്തോളജി സീരിസായിരുന്നു ഐ ആം. മികച്ച ചിത്രത്തിനും ഗാനരചനയ്ക്കുമുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ചിത്രമാണ് ഐ ആം. ഈ വിഷയങ്ങൾ തന്നെയാണ് വി ആറിലും ആവിഷ്കരിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള നിമിഷയുടെ മലയാള ചലച്ചിത്രം. ഈ മാസം 15-ാം തിയതി ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് സിനിമയിലും നിമിഷ നായികയായി എത്തുന്നുണ്ട്. ഫുട്പ്രിൻറ്റ് ഓൺ വാട്ടർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ആദിൽ ഹുസൈനാണ് നായകനായി എത്തുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.