അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം ‘പാസ്പോർട്ട് ’

മലയാള സിനിമയിലെ യുവതാരനിരയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന നടൻ അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പാസ്പോർട്ട് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ജിബൂട്ടിക്കു ശേഷം അമിത് നായകനാവുന്ന ചിത്രമാണ് പാസ്പോർട്ട്. നവാഗതനായ അസിം കോട്ടൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രമൂഖ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഗുഡ് ഡേ മൂവീസിൻറ്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കെ പി ശാന്തകുമാരിയുടെ കഥയ്ക്ക് സംവിധായകൻ അസിം കോട്ടൂരും നിർമ്മാതാവ് ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ഫാമിലി ഇമോഷണൽ ചിത്രമാണ് പാസ്പോർട്ട്. മലയാളത്തിലെ പ്രമൂഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സെജോ ജോൺ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം. ഗാനങ്ങൾ വിനായക് ശശികുമാറും ബി കെ ഹരിനാരായണനും ആണ് എഴുതിയിരിക്കുന്നത് ബിനു കുര്യൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് അമൽ ചന്ദ്രൻ. കലാസംവിധാനം അജി കുറ്റിയാണി. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആമ്പ്രോ വർഗ്ഗീസ്. എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ്.

എസ് ജെ സിനുവിൻറ്റെ സംവിധാനത്തിൽ അമിത് നായകനായ ത്രില്ലർ ചിത്രം ജീബൂട്ടിയാണ് അമിതിൻറ്റെ ഇനി റിലീസാകാനുള്ള ചിത്രം. ചിത്രത്തിൻറ്റെ റിലീസ് തീയതി ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ ഭൂരിഭാഗം ചിത്രീകരണവും ആഫ്രിക്കൻ രാജ്യമായ ജീബൂട്ടിയിയാണ് ചിത്രീകരിച്ചിരിക്കുന്നത്.