ദൃശ്യം 2 നു ശേഷം പുതിയ ചിത്രവുമായി മോഹൻലാൽ- ജീത്തു ജോസഫ്

സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 നു ശേഷം വീണ്ടും മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ വാർത്ത സ്ഥിതീകരിച്ചത്. ഒരു പുതിയ ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം മുതലേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജീത്തു ജോസഫ് ഈ വാർത്ത സ്ഥിതികരിച്ചുകൊണ്ട് രംഗത്തുവന്നത്. ഒരു മിസ്റ്ററി ത്രില്ലർ ആയിരിക്കും പുതിയ ചിത്രമെന്നും ജീത്തു പറഞ്ഞു. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ഷൂട്ടിംഗിനു സർക്കാർ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം ആരംഭിക്കുമെന്നും ജീത്തു പറഞ്ഞു. ദി ക്യൂവിനു നൽകിയ അഭിമുഖത്തിലാണ് ജീത്തു പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

അതേസമയം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചെങ്കിലും കൊവിഡ് മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചില്ല. വിദേശത്തും ചിത്രീകരണം നടത്താനുണ്ട്. കൊവിഡ് നിയമങ്ങൾക്ക് ഇളവുകൾ വന്നാൽ ഉടൻതന്നെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നും ജീത്തു പറഞ്ഞു.സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലൂസിഫറിൻറ്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് എല്ലാവരും കാത്തിരുന്നതെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം നടത്താൻ സാധിക്കാത്ത ഒരു ചിത്രമായതിനാലാണ് ബ്രോ ഡാഡി തിരഞ്ഞെടുത്തത് എന്ന് പൃഥ്വിയും അറിയിച്ചിരുന്നു. എന്നാൽ ബ്രോ ഡാഡിക്കും മുമ്പേ ചിത്രീകരണം ആരംഭിക്കുന്നത് ജീത്തു ജോസഫിൻറ്റെ പുതിയ ചിത്രം ആയിരിക്കും.