അഭിനയം മോശമാണെന്ന് പറഞ്ഞ് പലതവണ ലൊക്കേഷനിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട് : ജോജു ജോർജ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ എത്തി മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജോജു ജോർജ്. മലയാള സിനിമയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ജോജു ഇപ്പോൾ തമിഴിലും ചുവടുറപ്പിച്ചിരിക്കുകയാണ്. ധനൂഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. വളരെ സുപ്രധാനമായ ഒരു കഥാപാത്രമാണ് ജോജുവിൻറ്റേത്. സിനിമ റിലീസായതിനു പുറമേ നിരവധി പേരാണ് ജോജുവിൻറ്റെ പ്രകടനത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തുവന്നത്. ഇപ്പോൾ ഫിലിം കംപാനിയനു ജോജു നൽകിയ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടി ചിത്രം വൺ ഹിന്ദിയിലേക്ക് നായകനായി അനിൽ കപൂർ

അഭിനയം മോശമാണെന്ന് പറഞ്ഞ് ലൊക്കേഷനിൽ നിന്നും തന്നെ പലപ്പോഴും മാറ്റി നിർത്തിയിട്ടുണ്ടെന്ന് ജോജു ജോർജ് പറഞ്ഞു. എന്നാൽ ആരോടും ദേഷ്യമോ പ്രതികാരമോ ഒന്നും തോന്നിയിട്ടില്ല. പക്ഷേ ഒരുപാട് ആളുകളുടെ മുമ്പിൽ വച്ചു മാറ്റിനിർത്തുമ്പോൾ ചമ്മൽ തോന്നിയിട്ടുണ്ട്. സങ്കടം ഒന്നും തോന്നിയിട്ടില്ല. എൻറ്റെ അഭിനയം ശരിയാകാത്തതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിച്ചു. ചിലപ്പോൾ ഇത്തരം അനുഭവങ്ങളാവാം സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും കൂടുതൽ അറിയാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ജോജു പറഞ്ഞു. എൻറ്റെ അഭിനയം എങ്ങനെ മെച്ചപ്പെടുത്താം എന്നു ചിന്തിച്ചു. സിനിമയെക്കുറിച്ച് അറിവുള്ള ഒരുപാട് ആളുകളെ പരിചയപ്പെട്ടു. ഗുരുക്കൻമാരുടെ സ്ഥാനത്തു കാണുന്ന ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അവരുമായുള്ള സംഭാഷണങ്ങളിലൂടെ സിനിമയെ കൂടുതൽ അറിഞ്ഞു.

ഒരു മനുഷ്യനാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ വ്യക്ത്വിത്വത്തിൽ മാറ്റം വരുമ്പോഴാണ് നമ്മുടെ കാഴ്ചപ്പാടുകളിലും മാറ്റം വരുന്നത്. രണ്ട് വർഷം മുമ്പുള്ള കാഴ്ചപ്പാടല്ല ഇപ്പോൾ എൻറ്റേത്. എൻറ്റെ കാഴ്ടപ്പാടിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ഭാര്യയും പറയാറുണ്ട്.

സിനിമയെക്കുറിച്ച് എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. കുറെ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് കാര്യമില്ല. ആക്ടിംഗ് എന്ന പ്രോസസിനെക്കറിച്ച് ഞാൻ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിലരുടെ അഭിനയം കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. നന്നായി അഭിനയിക്കാൻ ഞാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനു എനിക്ക് സാധിക്കുന്നില്ലെങ്കിൽ അത് എൻറ്റെ പരിമിതിയാണ്. എല്ലാ കാര്യങ്ങളും ചെയ്യാൻ ചിലപ്പോൾ നമ്മളെ കൊണ്ട് സാധിക്കില്ലെന്നും ജോജു പറഞ്ഞു.