ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പൃഥ്വിരാജ് തന്നെ തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. മോഹൻലാൽ തന്നെയാണ് പുതിയ ചിത്രത്തിലും നായകനായെത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലൂസിഫറിൻറ്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് ചിത്രീകരണം നടത്താൽ കഴിയാത്ത ഒരു ചിത്രമായതിനാലാണ് എമ്പുരാൻ ഇപ്പോൾ ചെയ്യാത്തത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഇപ്പോൾ ബ്രോ ഡാഡിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
“ഞാൻ സംവിധാനം ചെയ്യുന്ന ഒരു ഫൺ ഫാമിലി ചിത്രം. അത്രയേ ഉള്ളൂ. ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ് “ എന്നായിരുന്നു സിനിമയെക്കുറിച്ചുള്ള പൃഥ്വിരാജിൻറ്റെ കമൻറ്റ്. എന്നാൽ “കേട്ടിട്ടുള്ളതാണ്” എന്നായിരുന്നു ആരാധകരുടെ കമൻറ്റ്. ഇതിന് ചിരിച്ചുകൊണ്ടാണ് പൃഥ്വി മറുപടി നൽകിയത്. “സത്യമായിട്ടും ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു ചിത്രം”. ലൂസിഫർ ഇറങ്ങുന്നതിനു മുമ്പും പൃഥ്വിരാജ് ഇങ്ങനെ തന്നെയായിരുന്നു സിനിമയെക്കുറിച്ചു പറഞ്ഞിരുന്നത്. എന്നാൽ ലൂസിഫർ വലിയ വിജയമായിരുന്നു.
സിനിമ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പൃഥ്വിരാജിൻറ്റെ പുതിയ ചിത്രമായ കോൾഡ് കേസിൻറ്റെ പ്രമോഷൻറ്റെ ഭാഗമായി താരം ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയപ്പോഴായിരുന്നു ബ്രോ ഡാഡിയെക്കുറിച്ചുള്ള കമൻറ്റ്.
മലയാളത്തിലെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.