പൃഥിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കോൾഡ് കേസ്. ഏറേ നാളുകൾക്ക് ശേഷം പൃഥിരാജ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ഈ മാസം 30ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിന് എത്തുന്ന പൃഥിരാജിൻറ്റെ ആദ്യ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ കോൾഡ് കേസ് എന്ന സിനിമയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
“ ഏട്ട് വർഷമായി ഒരു പോലീസ് വേഷം ചെയ്തിട്ട് എന്ന് ഞാൻ ചിന്തിച്ചില്ല. ഒരു പക്ഷേ അത്തരം കഥകൾ വരാത്തതുക്കൊണ്ടായിരിക്കും. ഛായാഗ്രഹകൻ ജോമോൻ ടി ജോൺ ആണ് കോൾഡ് കേസിൻറ്റെ കഥ എന്നോട് പറയുന്നത്. സ്ക്രിപ്റ്റ് കേട്ട ശേഷം ഞാൻ പ്രൊഡ്യൂസ് ചെയ്തോട്ടെ എന്ന് ജോമോനോട് ചോദിച്ചു. എന്നാൽ ജോമോനും ഷമീറും ആൻറ്റോ ജോസഫുമാണ് നിർമ്മാണം. പ്ലോട്ടിനാണ് പ്രാധാന്യം അല്ലാതെ ഒരു കഥാപാത്രത്തിന് മാത്രം വലിയ പ്രാധാന്യം കൊടുക്കുന്ന സിനിമയല്ല കോൾഡ് കേസ്. കോൾഡ് കേസ് തിയ്യേറ്ററിൽ റിലീസ് ആവാത്തതിൽ വിഷമമുണ്ടെന്ന് ഞാൻ പറഞ്ഞാൽ അത് കള്ളം പറയുവായിരിക്കും. കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ ആമസോണിൽ റിലീസ് ചെയ്യുന്നതാണ് ഈ സിനിമയ്ക്ക് കുറച്ച് റീച്ച് കിട്ടാൻ സഹായിക്കുക. =
ആമസോണിൽ റിലീസ് ചെയ്യുമ്പോൾ 240 രാജ്യങ്ങളിൽ കാണാനാവും. ശരിക്കും ഈ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയൊരു പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം.”പൃഥിരാജിന് പുറമേ ലക്ഷ്മി പ്രിയ ചന്ദ്രമൌലി, അനിൽ നെടുമങ്ങാട്, സുചിത്ര പിള്ള, ആത്മയ്യ രാജൻ, ജിബിൻ ഗോപിനാഥ്, പൂജ മോഹൻരാജ് എന്നിവരും അണിനിരക്കുന്ന ചിത്രമാണ് കോൾഡ് കേസ്. അരുവി, കുട്ടി സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി അതിഥി ബാലൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.