ജഗമേ തന്തിരം എന്ന സിനിമയുടെ റിലീസിന് പിന്നാലെ തൻറ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ധനൂഷ്. കന്നട സംവിധായകൻ ശേഖർ കമ്മൂലയാണ് ധനൂഷിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസിൻറ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സിനിമയിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
താൻ ആരാധിക്കുന്ന സംവിധായകനൊപ്പം സിനിമ ചെയ്യാൻ സാധിക്കുന്നതിൻറ്റെ സന്തോഷം ധനൂഷ് തൻറ്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ധനൂഷിനെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്. മലയാള നടി ഐശര്യ ലക്ഷ്മിയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇവർക്കുപുറമേ ജോജു ജോർജ്, ജെയിംസ് കോസ്മോ, കലയ്യരാസൻ, വാദിവുക്കരാസി, ശരത് വിക്കി, ദീപക് പരമേശ് എന്നിവരും അണിനിരന്ന ചിത്രമാണ് ജഗമേ തന്തിരം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആയിരത്തിൽ ഒരുവൻ 2, ആട്രംഗിറ, നാനേ വരുൻ എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള ധനൂഷ് ചിത്രങ്ങൾ.സായ് പല്ലവി, നാഗ ചൈതന്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത ലൌ സ്റ്റോറിയാണ് ഇനി റിലീസ് ചെയ്യാനുള്ള ശേഖറുടെ സിനിമ. കൊവിഡ് രൂക്ഷമായതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നീട്ടിയിരിക്കുന്നത്. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.