പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുനൊരുങ്ങുന്ന തണ്ടാമത്തെ ചിത്രത്തിൻറ്റെ വിവരങ്ങൾ പുറത്ത്. ബ്രോ ഡാഡി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് മോഹൻലാൽ തന്നെയാണ്. പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ വിവരങ്ങൾ തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
“എൻറ്റെ രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയും മുന്നിൽ നിന്ന് നയിക്കുന്നത് ലാലേട്ടൻ തന്നെയാണ്. ഒപ്പം ഞാൻ ഉൾപ്പടെ അഭിനേതാക്കളുടെ വൻതാരനിരയുമുണ്ട്. ഇത് രസകരമായ ഒരു കുടുംബചിത്രമാണ്. ഈ തിരക്കഥ നിങ്ങളെ എല്ലാവരെയും ഒരുപാട് ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു സിനിമയാകും എന്ന് പ്രതീക്ഷിക്കുന്നു. ഈ സമയത്ത് ഒരുപാട് സന്തോഷം നൽകുന്ന ഒരു ചിത്രം ആവശ്യമാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. വളരെ പെട്ടെന്നു തന്നെ.” പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ നായകനായെത്തിയ ലൂസിഫർ ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യചിത്രം. ചിത്രം വലിയ വിജയം ആവുകയും ചെയ്തിരുന്നു. ലൂസിഫറിൻറ്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ചിത്രം ആയതിനാലാണ് താൻ ബ്രോ ഡാഡി ഇപ്പോൾ ചെയ്യുന്നതെന്ന് പൃഥ്വിരാജ് അറിയിച്ചു.
മലയാളത്തിലെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ തന്നെയാണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. രസകരമായ ഒരു കുടുംബ കഥയാണ് ബ്രോ ഡാഡി.
അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ദീപക് ദേവ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം ഗോകുൽ ദാസ്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ.