പാപനാശം 2 വിൽ ഗൌതമിക്ക് പകരം ഈ മലയാളം നടി ആണ്

പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം 2. ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിൻറ്റെ ആദ്യ ഭാഗം 2013ൽ പുറത്തിറക്കിയിരുന്നു. മീന, അൻസിബ, ആശ ശരത്ത്, എസ്തേർ അനിൽ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിൽ ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന എല്ലാവരും തന്നെ രണ്ടാം ഭാഗത്തും ഉണ്ടായിരുന്നു. മലയാളത്തിൽ പുറത്തിറക്കിയ ചിത്രം പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി നാല് ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവും നാല് ഭാഷകളിലും റീമേക്കിന് ഒരുങ്ങുകയാണ്.

തമിഴിൽ പാപനാശം എന്ന പേരിൽ 2015ലാണ് ചിത്രം പുറത്തിറക്കിയത്. അതിൽ കമൽ ഹാസൻ – ഗൌതമി ജോഡിയാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ 2016ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ പാപനാശത്തിൻറ്റെ രണ്ടാം പതിപ്പിൽ ഗൌതമി എത്തുമോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ഗൌതമിക്ക് പകരം പാപനാശം 2 വിൽ നായികയായി എത്തുന്നത് മീന ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ ഇതിനായി മീനയെ സമീപിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പക്ഷേ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.

സിനിമയുടെ തെലുങ്ക് പതിപ്പിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മീന തന്നെയാണ്. വെങ്കിടേഷാണ് നായകൻ. മാർച്ച് 5 ന് ആരംഭിച്ച സിനിമയുടെ ഷൂട്ടിംങ് 47 ദിവസങ്ങൾക്കൊണ്ട് പൂർത്തിയായി എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കന്നഡയിലും ഹിന്ദിയിലും ദൃശ്യത്തിൻറ്റെ രണ്ടാം പതിപ്പ് ഉണ്ടാവും.