തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. കൊച്ചിയിലെ ഒരു സൈബർ സെൽ പോലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണമാണ് കഥയുടെ പ്രമേയം. കേരളത്തിലും തമിഴ്നാട്ടിലും നടന്ന ചില യഥാർത്ഥ കേസുകൾ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരുന്നത്. ഫെബ്രുവരി 12 നു ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
75 ദിവസത്തോളം തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചെങ്കിലും ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്തിരുന്നു. 2021 ലെ ആദ്യ വിജയ ചിത്രം കൂടിയായിരുന്നു ഓപ്പറേഷൻ ജാവ. ബാലു വർഗീസ്, ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ഇർഷാദ്, ദീപക് വിജയൻ, വിനായകൻ, ധന്യ അനന്യ, മമിത ബൈജു, ലുക്ക്മാൻ, വിനീത കോശി, പി ബാലചന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
താൻ ബിടെക് കഴിഞ്ഞ് ജോലിക്കുവേണ്ടി നടത്തിയ പരിശ്രമങ്ങളും പരാജയങ്ങളും ഇപ്പോൾ സിനിമ റിലീസായതിനു ശേഷം തനിക്കുണ്ടായ ഒരു സന്തോഷവും പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കഴിഞ്ഞ് നിരവധി കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചും സിവി കൊടുത്തും കാത്തിരുന്നു. അങ്ങനെ കാത്തിരുന്ന് അവസാനം മൈക്രോസോഫ്റ്റ് എന്ന കമ്പനി ഇൻറ്റർവ്യൂവിനു വിളിച്ചു. എന്നാൽ അവർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ കഴിഞ്ഞില്ല. അങ്ങനെ ഇൻറ്റർവ്യൂവിൽ പരാജയപ്പെട്ടു. മൈക്രോസോഫ്റ്റിനെ ഒരുപാട് പ്രാകി അപമാനിതനായി അന്ന് അവിടെ നിന്ന് ഇറങ്ങി.
ഇപ്പോൾ ഒരു സുഹൃത്തിൻറ്റെ മെസേജ് വന്നിരിക്കുന്നു. മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ വേണ്ടി പുതിയ ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി. ഡെമോ ക്ലാസ് എടുത്തപ്പോൾ കുട്ടികളോടും മാതാപിതാക്കളോടും അവർ ആദ്യം പറഞ്ഞത് നിങ്ങൾ ഉറപ്പായും ഓപ്പറേഷൻ ജാവ എന്ന സിനിമ കാണണം എന്നാണ്. പഠിക്കുന്നതിനൊപ്പം തന്നെ നിങ്ങൾ കാണേണ്ട സിനിമയാണിതെന്ന്. മൈക്രോസോഫ്റ്റ് നിങ്ങൾ മുത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് തരുൺ മൂർത്തി തൻറ്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.