ബാലതാരമായി സിനിമയിലെത്തി 30 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന നടിയാണ് മീന. തെന്നിന്ത്യൻ സിനിമയിലെല്ലാം തന്നെ ഇടം നേടിയ നായികയാണ് മീന. മലയാളത്തിൽ നിരവധി സിനിമകളിലും നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മീനയാണ്. മമ്മൂട്ടിയുടെയും, മോഹൻലാലിൻറ്റെയും കൂടെ നിരവധി സിനിമകളിൽ നായികയായി വേഷമിട്ട നടിയാണ് മീന. മലയാളി അല്ലായിരുന്നിട്ട് കൂടി ഇത്രയും മലയാള സിനിമകളിൽ നായികയായി അഭിനയിച്ച മറ്റൊരു നടി ഉണ്ടോയെന്ന് പോലും സംശയമാണ്. ഇപ്പോഴിതാ ഇനി സിനിമയിൽ ഏത് വേഷം ചെയ്യാനാണ് താൽപര്യം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
“അൽപം വില്ലത്തരമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. കഥാപാത്രത്തെ ആ രീതിയിൽ മാത്രമായി കാണാൻ പ്രേക്ഷകർക്ക് ഇന്ന് സാധിക്കുന്നുണ്ട്. അതുക്കൊണ്ട് ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപര്യം. അത്തരം കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.” 30 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും ഒരു കോളേജ് വിദ്യാർത്ഥിയായി അഭിനയിക്കാൻ കഴിഞ്ഞില്ല എന്നതാണ് തൻറ്റെ ഏറ്റവും വലിയ വിഷമമെന്നും നടി വ്യക്തമാക്കി. അതുപോലെ തന്നെ നർത്തകിയായിരുന്നിട്ടും സിനിമയിൽ നർത്തകിയായി അഭിനയിക്കാൻ സാധിച്ചില്ല എന്ന വിഷമം ഉണ്ട്.
ശിവാജി ഗണേഷൻ നായകനായ നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിലെ ബാലനടിയായാണ് മീന തൻറ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് ഒരു പുതിയ കഥൈ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തമിഴിൽ വിജയ്, അജിത്ത്, രജനികാന്ത് എന്നിവരുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. സ്വാന്തനം എന്ന സിനിമയിലെ നായികയായാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.
പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ദൃശ്യം 2 ആണ് മീന നായികയായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. രജനികാന്ത് നായകനാകുന്ന അണ്ണാതെയാണ് മീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.