Rakshit Shetty’s 777 Charlie വിനീത് ശ്രീനിവാസൻറ്റെ മനോഹര ഗാനം

‘ അവൻ ശ്രീമന്നാരായണ ‘ എന്ന ചിത്രത്തിനു ശേഷം കന്നഡ സൂപ്പർ താരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രമാണ് 777 ചാർളി. ഒരു കോമഡി അഡ്വവഞ്ചർ ചിത്രമാണിത്. വിനീത് ശ്രീനിവാസനും ഈ ചിത്രത്തിൻറ്റെ ഭാഗമാകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അഞ്ച് ഭാഷകളിൽ പുറത്തിറക്കിയ ടീസറിൻറ്റെ മലയാളം പതിപ്പിൽ പാടിയിരിക്കുന്നത് വിനീതാണ്.

സിനിമയിൽ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന മനോഹരമായ മറ്റൊരു ഗാനവും ഉണ്ട്. നോബിൻ പോളാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മനു മഞ്ജിത്, അഖിൽ എം ബോസ്, ആദി, ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് വിവിധ ഭാഷകളിലെ വരികൾ രചിക്കുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകളിൽ കാർത്തിക്കും കന്നഡ, ഹിന്ദി പതിപ്പുകളിൽ ശുഭം റോയിയുമാണ് പാടിയിരിക്കുന്നത്.
ചിത്രത്തിൻറ്റെ ഒഫീഷ്യൽ ടീസർ പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, ആൻറ്റണി വർഗീസ്, അന്നാ ബെൻ, നിഖിലാ വിമൽ, സുരഭി ലക്ഷ്മി, മെറീന മൈക്കിൾ, അനിൽ ആൻറ്റോ സംവിധായകരായ ഒമർ ലുലു, ടിനു പാപ്പച്ചൻ, മുഹമ്മദ് മുസ്തഫ എന്നിവർ ചേർന്ന് പുറത്തിറക്കി. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു റിലീസ്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ടീസർ പുറത്തിറക്കിയത്.

മലയാളിയായ കിരൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക.കുസൃതി നിറഞ്ഞ ഒരു നായയെ ആണ് ടീസറിൽ കാണിക്കുന്നത്. ഏകാന്തതയിൽ കഴിയുന്ന ധർമ്മ എന്ന ഒരു യുവാവ്, ആ യുവാവിൻറ്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നായക്കുട്ടിയും അവർ തമ്മിലുള്ള സൌഹൃദവും ആണ് സിനിമയുടെ പ്രമേയം. ധർമ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്നത്.
മലയാളത്തിൽ പൃഥിരാജും തമിഴിൽ കാർത്തിക് സുബ്ബരാജും തെലുങ്കിൽ നാനിയുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അരവിന്ദ് എസ് കശ്യപ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് പ്രതീക് ഷെട്ടി. കിരൺരാജ്, അഭിജിത്ത് മഹേഷ്, രാജ് ബി ഷെട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ വിവിധ ഭാഷകളിലെ സംഭാഷണം ഒരുക്കുന്നത്. കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷഭ് ഷെട്ടി, ആക്ഷൻ വിക്രം മോർ.