വീണ്ടും തമിഴ് ചിത്രവുമായി Kalidas Jayaram

കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ നായകനാകാനൊരുങ്ങി Kalidas Jayaram. കൃതികയുടെ മൂന്നാമത്തെ ചിത്രമാണിത്. കാളി, വണക്കം ചെന്നൈ എന്നിവയാണ് കൃതിക ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ചിത്രത്തിനു ഇതുവരെയും പേരിട്ടിട്ടില്ല. താന്യ രവിചന്ദ്രനാണ് ചിത്രത്തിലെ നായിക. ഒരു ട്രാവൽ മൂവിയാണിത്.
മീൻ കുഴമ്പും മൺ പാനയും, പാവ കഥൈകൾ, ഒരു പക്കാ കഥൈ, പുത്തം പുതുകാലെയ് എന്നിവയാണ് കാളിദാസ് മുൻപ് നായകനായെത്തിയ ചിത്രങ്ങൾ. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന തമിഴ് ചിത്രത്തിലെ കാളിദാസൻറ്റെ സത്താർ എന്ന ട്രാൻസ് കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ആരാധകരെയും കാളിദാസനു ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

റൈസ് ഈസ്റ്റ് ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് കൃതിക പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കാളിദാസും ഈ വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട്. ഇതൊരു യാത്രയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. യാത്രകളിയൂടെയാണ് പലപ്പോഴും നമുക്ക് സ്വയം തിരിച്ചറിയാൻ സാധിക്കുന്നത്. എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ പല പ്രശ്നങ്ങളും കാണും. ഓരോരുത്തരും പല വഴികളിലൂടെയാണ് അതിനെ നേരിടുന്നത്. ഈ സിനിമയിൽ പ്രശ്നങ്ങൾ വരുമ്പോൾ അതിനെ എങ്ങനെ നേരിടാം എന്നാണ് പറയുന്നതെന്നും കൃതിക പറഞ്ഞു.

സംവിധായകർ പറയാൻ ഉദ്ദേശിക്കുന്നത് മനസ്സിലാക്കി ചെയ്യുന്നവരാണ് കാളിദാസും തന്യയും എന്നും അതുകൊണ്ടാണ് ഇരുവരെയും കാസ്റ്റ് ചെയ്തതെന്നും കൃതിക പറഞ്ഞു. നമ്മളെ മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്കൊപ്പം സിനിമ ചെയ്യാൻ വളരെ എളുപ്പമാണെന്നും കൃതിക കൂട്ടിച്ചേർത്തു. തിരക്കഥ പൂർത്തിയായപ്പോൾ മുതൽ മനസ്സിൽ ഉണ്ടായിരുന്നത് കാളിദാസൻറ്റെ മുഖം ആയിരുന്നു. തന്യയുടെ സിനിമകളൊന്നു താൻ കണ്ടിട്ടില്ലായിരുന്നെന്നും കറുപ്പൻ എന്ന പാട്ട് മാത്രം ആണ് കണ്ടതെന്നും കൃതിക പറഞ്ഞു.റിച്ചാർഡ് എം നാഥനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ചിത്രത്തിൻറ്റെ ഷൂട്ടിംഗ്. ചിത്രത്തിൻറ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.