ചാർലി, ടേക്ക് ഓഫ്, ഉയരെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പാർവ്വതി തിരുവോത്ത്. സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും എപ്പോഴും തുറന്ന് പറയുന്ന ഒരു നടിയാണ് പാർവ്വതി. ഇപ്പോഴിതാ കൂടെ അഭിനയിക്കാൻ താൻ ഏറേ ഇഷ്ടപ്പെടുന്ന താരങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർവ്വതി. കൂടെ അഭിനയിക്കാൻ ഏറ്റവും ആഗ്രഹമുള്ള നടൻ നസറുദ്ദീൻ ഷായാണ്. അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ നടനാണ് നസറുദ്ദീനെന്നാണ് താരത്തിൻറ്റെ അഭിപ്രായം.
“ അദ്ധേഹത്തിൻറ്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽ തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാ സ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ധേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ചെയ്യണമെന്നും പക്ഷേ ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ധേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതെപോലെ ശ്രീവിദ്യയമ്മക്കൊപ്പം അഭിനയിക്കാനും കൊതി തോന്നിയിരുന്നു. അവർ നേരത്തെ പോയി എന്നത് എന്നിൽ നഷ്ട ബോധം ഉണ്ടാക്കുന്ന കാര്യമാണെന്നും “ പാർവ്വതി പറഞ്ഞു.
സനു ജോൺ വർഗ്ഗീസ് സംവിധാനം ചെയ്ത ആർക്കറിയാം എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത പാർവ്വതി ചിത്രം. ഇതിൽ പാർവ്വതി അവതരിപ്പിച്ച ഷേർലി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടി നായകനാകുന്ന പുഴു എന്ന ചിത്രമാണ് പാർവ്വതിയുടെ വരാനിരിക്കുന്ന സിനിമ. നവാഗതനായ രത്തീന സർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും പാർവ്വതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.