ബോളിവുഡ് താരം അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ചിത്രത്തിൻറ്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണിസേന രംഗത്ത്. പൃഥ്വിരാജ് എന്ന് സിനിമയ്ക്ക് പേര് ഇടരുതെന്നാണ് ഇവരുടെ ആവശ്യം. രാജാവായിരുന്ന രജ്പുത് പൃഥ്വിരാജ് ചൌഹാൻറ്റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം. പൃഥ്വിരാജ് എന്ന് മാത്രം സിനിമയ്ക്ക് പേരു നൽകിയാൽ അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇവർ പറയുന്നത്. പൃഥിരാജ് ചൌഹാൻ എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നും കർണിസേന പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് തങ്ങളെ കാണിച്ച് അനുവാദം വാങ്ങിക്കണമെന്ന നിർദ്ദേശവും കർണിസേന മുമ്പോട്ടുവച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ദീപിക പദുക്കോണിൻറ്റെ പദ്മാവത് എന്ന ചിത്രത്തിനു നേരിട്ട പോലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വരുമെന്നും കർണിസേന പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ചരിത്രം വളച്ചൊടിക്കരുതെന്നാണ് ഇവർ പറയുന്നത്.
ഡോ ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിൻറ്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്. മുൻ മിസ് വേൾഡ് മാനുഷി ചില്ലറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡോ ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്. ശങ്കർ എഹ്സാനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
നവംബർ അഞ്ചിനു ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. സഞ്ജയ് ദത്ത്, സോനു സൂദ്, സാക്ഷി തൻവർ, അശുതോഷ് റാണ, ലളിത് തിവാരി, ദീപേന്ദ്ര സിംഗ്, ഗോവിന്ദ് പാണ്ഡെ, അജോയ് ചക്രവർത്തി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കർണിസേന പ്രവർത്തകർ വന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് സംവിധായകൻ ഡോ ചന്ദ്രപ്രകാശ് ദ്വിവേദി ഇടപ്പെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്.