ഇളയദളപതിയും കീർത്തി സുരേഷും വീണ്ടും ഒന്നിക്കുന്നു | Keerthy Suresh to romance Vijay again

ഇളയദളപതിയുടെ 65-ാം ചിത്രമായ ദളപതി 65 എന്നു താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗിലാണ് വിജയ് ഇപ്പോൾ. അതിനിടയിലാണ് വിജയിയുടെ പുതിയ ചിത്രത്തെ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്. തോഴ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത വംശി പൈടിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നിർമ്മാതാവ് ദിൽ രാജുവാണ് ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നത്. പുറത്തുവരുന്ന വാർത്തകൾ സത്യമാണെങ്കിൽ വിജയിയുടെ ആദ്യ തെലുങ്ക് ചിത്രമാവും ഇത്.

ചിത്രത്തിൽ കീർത്തി സുരേഷ് ആണ് വിജയിയുടെ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഭൈരവ, സർക്കാർ എന്നിവയാണ് മുൻപ് ഇരുവരും ഒരുമിച്ച ചിത്രങ്ങൾ. അങ്ങനെയാണെങ്കിൽ ഇത് വിജയിയും കീർത്തിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഇതൊരു സ്പെഷ്യൽ ചിത്രമാണ്. ഏതായാലും പുതിയ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

വിജയി ഇപ്പോൾ ദളപതി 65 ൻറ്റെ ഷൂട്ടിംഗിലാണ്. മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻറ്റെ ജോർജിയയിലെ ആദ്യ ഘട്ട ഷൂട്ടിംഗുകൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ടാം ഘട്ട ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാൽ പറഞ്ഞ സമയത്തു തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കുവാൻ സാധിക്കും. നയൻതാര നായികയായി എത്തിയ കോലമാവ് കോകില ഫെയിം നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദളപതി 65 ഏതു വിഭാഗത്തിൽ പെടുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഫൺ എൻറ്റർടെയ്നർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററാണ് വിജയിയുടെ റിലീസായ അവസാന ചിത്രം. മഹേഷ് ബാബു നായകനായെത്തുന്ന സർക്കാറു വാരി പാട്ടയാണ് കീർത്തി സുരേഷിൻറ്റെ ഇനി റിലീസാവാനുള്ള ചിത്രം.