അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി സുരഭി ലക്ഷ്മി | Padma Movie

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പദ്മ ( Padma Movie) . ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം നടൻ ടോവിനോ തോമസ് തൻറ്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിരുന്നു. അനൂപ് മേനോനാണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുരഭി ലക്ഷ്മിക്കൊപ്പം അനൂപ് മേനോൻ, മെറീന മൈക്കിൾ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവായി നാല് വർഷങ്ങൾക്ക് ശേഷം സുരഭി ലക്ഷ്മി കൊമേഴ്സ്യൽ സിനിമയുടെ ടൈറ്റിൽ റോളിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

സുരഭി തൻറ്റെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ ഈ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. “ നാഷണൽ അവാർഡ് കിട്ടിയപ്പോൾ എല്ലാവരും പറഞ്ഞു ഇനി സുരഭിക്ക് നല്ല നല്ല സിനിമകൾ വരും നല്ല കഥാപാത്രങ്ങൾ തേടിയെത്തും എന്നൊക്കെ. നാല് വർഷത്തോളമുള്ള ആ കാത്തിരിപ്പിന് ഒടുവിൽ ഞാനൊരു കൊമേഴ്സ്യൽ ചിത്രത്തിൻറ്റെ ടൈറ്റിൽ റോളിൽ എത്തുകയാണ് പദ്മ എന്ന അനൂപ് മേനോൻ ചിത്രത്തിലൂടെ. അനൂപ് മേനോൻറ്റെ ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്, നിങ്ങൾക്കും പ്രിയപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു “ എന്നാണ് താരത്തിൻറ്റെ പോസ്റ്റ്.

ഒരു വലിയ നഗരത്തിൻറ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം അനൂപ് മേനോൻ സ്റ്റോറീസിൻറ്റെ ബാനറിൽ അനൂപ് മേനോനാണ് നിർമ്മിക്കുന്നത്. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം മഹാദേവൻ തമ്പി, എഡിറ്റിംങ് സിയാൻ ശ്രീകാന്ത്, സംഗീതം നിനോയ് വർഗീസ്, ക്യാമറ മഹാദേവൻ തമ്പി, കലാസംവിധാനം ദുൻദു രഞ്ജിവ്, ഡിസൈൻ ആൻറ്റണി സ്റ്റീഫൻ, വാർത്താപ്രചരണം പി ശിവപ്രസാദ് എന്നിവരും നിർവ്വഹിക്കുന്നു.