ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തൊട്ടെടോ. തരുൺ മൂർത്തിയോട് സുരേഷ് ഗോപി | Suresh Gopi Congratulates Tharun Moorthi
Suresh Gopi Congratulates Tharun Moorthi : നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തരുൺ മൂർത്തിയെ ഫോണിലൂടെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം തൻറ്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
“ ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തൊട്ടെടോ. അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാൻ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നതെല്ലാം ഞാൻ ചെയ്യും “ എന്ന് സുരേഷ് ഗോപി പറഞ്ഞതായാണ് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചത്. ഇന്നേവരെ കിട്ടിയതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണിതെന്നും തരുൺ മൂർത്തി പറഞ്ഞു.
ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. “ ഓപ്പറേഷൻ ജാവയുടെ മേക്കറിനെ വിളിച്ച് ഞാൻ സംസാരിച്ചിരുന്നു. സിനിമ വളരെ നല്ലതായിരുന്നു. മാത്രമല്ല സിനിമയുടെ രചനയും സംവിധാനവും ഒരുപോലെ മികച്ചതാണ്. ശ്രദ്ദേയവും ഫലപ്രദവുമായ നിർമ്മാണം. ഞാൻ സിനിമ പൂർണ്ണമായും ആസ്വദിച്ചു. പ്രശാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗീസ്, ലുക്ക്മാൻ, വിനായകൻ തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഷോട്ടിൽ വന്നവർ പോലും അമ്പരപ്പിച്ചു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. “
കഴിഞ്ഞ ദിവസം പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയവരും തരുൺ മൂർത്തിക്കും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായെത്തിയിരുന്നു.ഫെബ്രുവരി 12 നായിരുന്നു ഓപ്പറേഷൻ ജാവ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. തുടർന്ന് സീ 5 പ്ലാറ്റ്ഫോമിലൂടെയും ചിത്രം റിലീസ് ചെയ്തിരുന്നു. 2021 ലെ ആദ്യ വിജയചിത്രം കൂടിയാണ് ഓപ്പറേഷൻ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരുന്നത്.