ദിഗംബരനു പിന്നാലെ ഈശോയെയും ക്യാൻവാസിലാക്കി കോട്ടയം നസീർ | Digambaran portrait by Kottayam Nazeer

Digambaran portrait by Kottayam Nazeer : ഒരു അനുഗ്രഹീത മിമിക്രി കലാകാരനായാണ് കോട്ടയം നസീറിനെ എല്ലാവരും അറിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിവിധ കഥാപാത്രങ്ങളെ തൻറ്റെ ക്യാൻവാസിൽ പകർത്തി ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ജയസൂര്യയുടെ പുതിയ ചിത്രമായ ഈശോയിലെ ജയസൂര്യയുടെ ക്യാരക്ടറിനെ ക്യാൻവാസിൽ പകർത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം അനന്തഭദ്രം എന്ന സിനിമയിലെ മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ എന്ന കഥാപാത്രത്തെ നസീർ വരച്ചിരുന്നു. ഈ പെയിൻറ്റിംഗ് സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ജയസൂര്യയെ ക്യാൻവാസിലാക്കി നസീർ മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

പെയിൻറ്റിംങ് കണ്ട ജയസൂര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. “എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരാളാണ് നസീറിക്ക. അത് അദ്ദേഹത്തിൻറ്റെ മിമിക്രി ആവട്ടെ ചിത്രകല ആകട്ടെ, തിരഞ്ഞെടുക്കുന്ന മേഖലയിലെല്ലാം അദ്ദേഹം ശോഭിക്കുന്നു. അദ്ദേഹത്തിൻറ്റെ ഉള്ളിലെ സംവിധായകനും അത്ഭുതപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. അത് വളരെ വിദൂരമാകില്ലെന്നും എനിക്കുറപ്പുണ്ട്. എല്ലായ്പ്പോഴും സ്നേഹവും ബഹുമാനവും മാത്രം.”

“കോട്ടയം നസീർ എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കൈയിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലേക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ. അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞ്ഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല. ദിഗംബരൻറ്റെ മനോഹരമായ ഈ ഓയിൽ പെയിൻറ്റിംഗ് എൻറ്റെ മനസ്സിലാണ് നസീർ വരച്ചിരിക്കുന്നത്. ഒരിക്കലും മായില്ല നന്ദി സുഹൃത്തേ ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരനു നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു. വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വിലപ്പെട്ട സമ്മാനമാണ്. കോട്ടയം നസീർ എന്ന ചിത്രകാരൻറ്റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു. അഭിനന്ദനങ്ങൾ” എന്നാണ് നസീറിൻറ്റെ പെയിൻറ്റിംഗ് കണ്ട മനോജ് കെ ജയൻ കുറിച്ചത്.

മിമിക്രിയിലൂടെ ആരാധകരെ കയ്യിലെടുത്ത കലാകാരനാണ് കോട്ടയം നസീർ. കഴിഞ്ഞ ലോക്ക്ഡൌൺ കാലം മുതലാണ് നസീറിക്ക തൻറ്റെ കഴിവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയത്. നൂറുകണക്കിന് ചിത്രങ്ങളാണ് നസീർ ഈ ലോക്ക്ഡൌൺ കാലത്ത് വരച്ചുതീർത്തത്.