അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആളാണ് ആൻറ്റണി വർഗീസ് (Antony Pepe). ആൻറ്റൻണി വർഗീസും സുഹൃത്തുക്കളും നടത്തിയ ഹിമാലയൻ യാത്രയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിമനോഹരവും എന്നാൽ വളരെയധികം കഷ്ടപ്പാടുകളും സാഹസികതയും നിറഞ്ഞതായിരുന്നു യാത്ര. ആ യാത്രയുടെ ഓർമ്മകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളുമാണ് വീഡിയോയിൽ. വാബി സബി എക്സ്പ്ലോറിങ് ഹിമാലയം എന്നാണ് വീഡിയോക്ക് പേരിട്ടിരിക്കുന്നത്. രണ്ട് എപ്പിസോഡുകളുള്ള വീഡിയോയുടെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഈ വീഡിയോയിൽ ഹിമാചൽ പ്രദേശിലെ കർഗയെന്ന ഗ്രാമത്തെക്കുറിച്ചാണ് വിവരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 8200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷനാണ് കൽഗ. ആൻറ്റണി വർഗീസ് ഉൾപ്പടെ ഏഴു പേർ ചേർന്ന സംഘമാണ് യാത്ര നടത്തിയത്. പത്ത് ദിവസത്തോളം നീണ്ട യാത്രയായിരുന്നു. സനി യാസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖ് സി വടക്കേവീടാണ് നിർമ്മാണം.
കനത്ത മഞ്ഞുനിറഞ്ഞ വഴികൾ വീഡിയോയിൽ കാണാനാകും. നിരവധി തവണ കാൽവഴുതി വീണെന്നും താരം പറഞ്ഞു. ഇടക്ക് ചെറിയ ഒരു ചായക്കടയിൽ കയറി ചായയും ന്യൂഡിൽസും കഴിച്ചു. അൽപം തണുപ്പു കുറയ്ക്കാൻ ഇതു സഹായിച്ചെന്നും പെപ്പെ പറഞ്ഞു.യാത്രക്കിടയിൽ പരിചയപ്പെട്ടവരെയും പെപ്പെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. 9 മാസമായി നാടും വീടും ഉപേക്ഷിച്ച് ഹിമാലയത്തിൽ താമസമാക്കിയ ഒരു ഫ്രഞ്ച് ബാബയെയാണ് ആദ്യം പരിചയപ്പെട്ടത്. കേക്കുകൾ ഉണ്ടാക്കി വിറ്റാണ് അദ്ദേഹം ഉപജീവനം കണ്ടെത്തുന്നത്. ഹിമാലയത്തിൽ ധ്യാനം ഇരിക്കുന്നതിനായി നാടും വീടും പേരും ഉപേക്ഷിച്ച ശക്തിയെന്ന യുവതിയേയും വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. സൌത്ത് അമേരിക്കയിൽ നിന്നും എത്തിയതാണ് ഇവർ. പെപ്പേയും സംഘവും താമസിച്ചത് രണ്ട് നിലയുള്ള ജിപ്സിയിലാണ്. അവിടെ കൽഗയുടെ സ്വന്തം ചാർളിയെയും കാണാനാകും. കൽഗയിൽനിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.