ലോകേഷ് കനകരാജ് ചിത്രം കൈതിയ്ക്ക് ഹിന്ദി റീമേക്കുമായി അജയ് ദേവ്ഗൺ
കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം കൈതി ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. നടൻ അജയ് ദേവ്ഗൺ ആണ് ചിത്രത്തിൻറ്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. ഭോല എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അജയ് ദേവ്ഗൺ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ആക്ഷൻ പറയാനുള്ള നേരമായി എന്ന അടിക്കുറിപ്പോടെയാണ് ക്യാമറയ്ക്ക് പിന്നിൽ നിന്നുള്ള ചിത്രം താരം പങ്കുവെച്ചത്. ഇതിനോടകം ഷൂട്ടിംങ് ആരംഭിച്ച ചിത്രം അടുത്ത വർഷം ആഗസ്റ്റിൽ റിലീസിന് എത്തുമെന്നും താരം അറിയിച്ചു. നടി തബുവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് സൂചന. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
റൺവേ 34ന് ശേഷം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭോല. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എൻറ്റർടൈൻമെൻറ്റ്സ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദിലാണ് ഇപ്പോൾ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്നത്.
2019ൽ കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡില്ലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കാർത്തി എത്തിയത്. മലയാളി താരം നരേൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇൻസ്പെക്ടർ ബിജോയ് ആയാണ് നരെൻ ചിത്രത്തിൽ വേഷമിട്ടത്. ചിത്രത്തിന് രണ്ടാം ഭാഗം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.