സുരേഷ് ഗോപി – ജയരാജ് കൂട്ടുകെട്ട് വീണ്ടും; ‘ഹൈവേ 2’ ഒരുങ്ങുന്നു

ജയരാജിൻറ്റെ സംവിധാനത്തിൽ വീണ്ടും നായകനായി സുരേഷ് ഗോപി. 1995ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഹൈവേയുടെ രണ്ടാം ഭാഗത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഹൈവേ 2 എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാമത്തെ ചിത്രമാണ് ഹൈവേ 2. ഇതൊരു മിസ്ട്രി ആക്ഷൻ ത്രില്ലർ ചിത്രമാണ്. ലീമാ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഉടൻ ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം.

മലയാളത്തിന് പുറമേ തമിഴിലും 1995ൽ റിലീസ് ചെയ്ത ചിത്രമാണ് ഹൈവേ. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കേരളത്തിൽ തന്നെ ഏകദേശം 100 ദിവസത്തോളം ചിത്രം പ്രദർശിപ്പിച്ചിരുന്നു. ശ്രീധർ പ്രസാദ് എന്ന റോ ഏജൻറ്റിനെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാനുപ്രിയ ആയിരുന്നു ചിത്രത്തിലെ നായിക. ബിജു മേനോൻ, ജനാർദ്ദനൻ, വിജയരാഘവൻ, അഗസ്റ്റിൻ, വിനീത്, സുകുമാരി തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ഹേയ്ഡെ ഫിലിംസിൻറ്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിച്ചിരുന്നത്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. ചെറിയ ഇടവേളക്കു ശേഷം സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് അദ്ധേഹം. നിരവധി സുരേഷ് ഗോപി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. പാപ്പൻ, ഒറ്റക്കൊമ്പൻ എന്നിവയാണ് ഇനി റിലീസ് കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ മലയാള ചിത്രങ്ങൾ. അതേസമയം തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രത്തിലും സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നത് എന്നാണ് സൂചന.