സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമായിരുന്നു ഒമർ ലുലുവിൻറ്റെ ‘ഒരു അഡാർ ലവ്’. റിലീസിനു മുമ്പു തന്നെ ഇതിലെ ഗാനങ്ങൾക്കും കഥാപാത്രങ്ങൾക്കും വലിയ പബ്ലിസിറ്റി ലഭിച്ചിരുന്നു. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനൊന്നും ചിത്രത്തിനു കഴിഞ്ഞില്ല. എന്നാൽ ഒരു അഡാർ ലവിൻറ്റെ ഹിന്ദി പതിപ്പായ ഏക് ധൻസ് ലവ് സ്റ്റോറി ഇറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മൂന്ന് കോടി കാഴ്ചക്കാരെയാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. യൂറ്റൂബിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്കും സിനിമയിലെ കഥാപാത്രങ്ങൾക്കും ലഭിക്കുന്നത്.
ചിത്രത്തിലെ നായികയായ നൂറിൻ ഷെരീഫിനും നൂറിൻ അവതരിപ്പിച്ച കഥാപാത്രത്തിനും നിരവധി ആരാധകരെയാണിപ്പോൾ ലഭിച്ചിരിക്കുന്നത്.എന്നാൽ ഇതെന്തു മറിമായം എന്നാണ് ചിത്രത്തിനു താഴെ മലയാളികളുടെ കമൻറ്റ്. ഹിന്ദി പതിപ്പിനു ലഭിച്ച ആരാധകരെ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. ചിത്രത്തിനു താഴെ നിരവധി രസകരമായ കമൻറ്റുകളും മലയാളികൾ പോസ്റ്റ് ചെയ്തിട്ടിണ്ട്. ധാരാവി ഇനി ഒമർ ഇക്ക ഭരിക്കുമെന്നാണ് ട്രോളമ്മാർ പറയുന്നത്. എന്നാൽ ചിത്രത്തിനു സെക്കൻറ്റ് പാർട്ട് വേണം എന്നാണ് ഹിന്ദി പ്രേക്ഷകരുടെ കമൻറ്റ്.
പ്രിയ പ്രകാശ് വാര്യർ, നൂറിൻ ഷെരീഫ്, റോഷൻ അബ്ദുൾ റഹൂഫ്, അരുൺ കുമാർ, സിദ്ദിഖ്, അഞ്ജലി നായർ, അൽതാഫ് സലീം, ഹരീഷ് കണാരൻ, സലീം കുമാർ, പ്രദീപ് കോട്ടയം, കലാഭവൻ നിയാസ്, സൂരജ്, വിഷ്ണു ഗോവിന്ദൻ, ശിവാജി ഗുരുവായൂർ, എൻ പി സുഹെദ്, റോഷ്ന ആൻ റോയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഷാൻ റഹ്മാനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.