ജയിലർ വേഷത്തിൽ തലൈവർ. രജനീകാന്ത് – നെൽസൺ ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
അണ്ണാത്തെക്കു ശേഷം രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ജയിലർ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. രജനീകാന്ത് അഭിനയിക്കുന്ന 169 -ാം ചിത്രം കൂടിയാണിത്. ദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് ഒരുക്കിയ നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൻറ്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്. സൺ പിക്ചേഴ്സിൻറ്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ആർ അമൽ. ചിത്രത്തിൻറ്റെ അണിയറപ്രവർത്തകരെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഈ വർഷം ഓഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. മുമ്പ് വിജയിയെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് പ്രതീക്ഷിച്ച വിജയം നേടാത്തതിനാൽ ഈ ചിത്രം സംവിധാനം ചെയ്യുന്നതിൽ നിന്നും നെൽസൺ കുമാറിനെ മാറ്റിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തകളെയെല്ലാം പിൻതള്ളിക്കൊണ്ടാണ് ചിത്രത്തിൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം ചിത്രത്തിൽ അഭിനയിക്കാനുള്ള ക്ഷണം നടി ഐശ്വര്യ റായ് നിരസിച്ചതായും സ്ഥിതീകരിക്കാത്ത വാർത്തകളുണ്ട്. എന്നാൽ ചിത്രത്തിൽ നടി ഐശ്വര്യ റായിയും രമ്യ കൃഷ്ണനും പ്രിയങ്കാ മോഹനും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് വാർത്തകളുണ്ട്. നടൻ ശിവ കാർത്തികേയൻ കാമിയോ റോളിൽ പ്രത്യക്ഷപ്പെടുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.