സൂരറൈ പോട്രിൻറ്റെ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യ? ‘റോളക്സിന്’ ശേഷം മറ്റൊരു അതിഥി വേഷത്തിൽ താരം
സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് സൂരറൈ പോട്ര്. സൂരറൈ പോട്രിൻറ്റെ ഹിന്ദി പതിപ്പും ഇപ്പോൾ അണിയറിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഹിന്ദി പതിപ്പിൽ അതിഥി വേഷത്തിൽ സൂര്യ എത്തുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഹിന്ദി റീമേക്കിൻറ്റെ ആദ്യത്തെ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിൻറ്റെ രണ്ടാമത്തെ ഷെഡ്യൂളിലാണ് സൂര്യ അഭിനയിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ലോകേഷ് ചിത്രം വിക്രമിന് ശേഷം സൂര്യ അതിഥി താരമായി എത്തുന്ന ചിത്രം കൂടിയാകും ഇത്. വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം ഏറേ പ്രേക്ഷക പ്രീതി നേടിയിരുന്നു.
ഒടിടിയിലൂടെ റിലീസിനെത്തി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് സൂരറൈ പോട്ര്. മലയാളി താരം അപർണ ബാലമുരളി നായികയായി എത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറ്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സൂരറൈ പോട്ര്. തമിഴിന് പുറമേ മലയാളത്തിലും, കന്നഡയിലും, തെലുങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നു. സൂര്യയുടെ 2ഡി എൻറ്റർടൈൻമെൻറ്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് സൂരറൈ പോട്രിൻറ്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്.
അതേസമയം നിരവധി ചിത്രങ്ങളാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പിതാമഹന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒരുമിക്കുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രം സൂര്യയുടെ കരിയറിലെ നാൽപ്പത്തി ഒന്നാമത്തെ ചിത്രമാണ്. ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ടൂഡി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്.