‘ബീസ്റ്റിന്’ ശേഷം പ്രതിഫലമുയർത്തി പൂജ ഹെഗ്ഡെ; പ്രതിഫലത്തിൽ സാമന്തയെ പിന്നിലാക്കി താരം

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ നയൻതാര ഇപ്പോൾ തൻറ്റെ ബോളിവുഡ് അരങ്ങേറ്റവും കുറിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻറ്റെ നായികയായാണ് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം. നയൻതാരയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നായിക സാമന്ത ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിഫലകാര്യത്തിൽ സാമന്തയെ പിന്നിലാക്കിയിരിക്കുകയാണ് പൂജ ഹെഗ്ഡെ.

തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൂജ തൻറ്റെ പുതിയ ചിത്രത്തിനായി പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ജനഗണമനയാണ് പൂജ ഹെഗ്ഡെയുടെ പുതിയ ചിത്രം. പുരി ജഗന്നനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ലൈഗറിന് ശേഷം വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥനും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിനുവേണ്ടി പൂജ ഈടാക്കുന്ന പ്രതിഫലം 5 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ 3 മുതൽ 4 കോടി വരെയാണ് പൂജ ഒരു ചിത്രത്തിനായി വാങ്ങിയിരുന്നത്.

ജനഗണമനയിൽ നിരവധി ആക്ഷൻ രംഗങ്ങൾ പൂജയ്ക്ക് ഉണ്ടെന്നാണ് സൂചന. തായ് ലൻഡിൽ നിന്നുള്ള ഫൈറ്റ് മാസ്റ്റേഴ്സാണ് പൂജയെ പരിശീലിപ്പിക്കുന്നത്. വളരെ സെലക്ടീവായി സിനിമകൾ ചെയ്യുന്ന ഒരു താരമാണ് പൂജ ഹെഗ്ഡെ. വിജയ് നായകനായി എത്തിയ ബീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൂജയുടെ സിനിമ. തെലുങ്കിലും ഹിന്ദിയിലുമായി ഇനി നിരവധി ചിത്രങ്ങളും പുറത്തുവരാനുണ്ട്. മഹേഷ് ബാബു നായകനാകുന്ന SSMB28, സൽമാൻ ഖാൻ ചിത്രം കബി ഈദ് കബി ദിവാലി, റൺവീർ സിംഗ് നായകനാകുന്ന സർക്കസ് എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന പൂജയുടെ സിനിമകൾ.