‘നാഗവല്ലി’യായി കിയാര അദ്വാനി; ശ്രദ്ധ നേടി ഭൂൽ ഭൂലയ്യ 2 ട്രെയിലർ

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിൻറ്റെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യക്ക് രണ്ടാം ഭാഗം വരുന്നു. 2007 ലാണ് മണിച്ചിത്രത്താഴിൻറ്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാറും വിദ്യാ ബാലനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഭൂൽ ഭൂലയ്യയുടെ രണ്ടാം ഭാഗം ഒരുക്കുന്നത് അനീസ് ബസ്മിയാണ്. കാർത്തിക് ആര്യൻ, മഞ്ജുലിക, തബു, കിയാര അദ്വാനി, രാജ്പാൽ യാദവ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൻറ്റെ ട്രെയിലർ ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മേയ് 20ന് ആണ് ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ തന്നെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. നേരത്തെ ജൂലൈയിൽ ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു.

ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലിക തന്നെയാണ് രണ്ടാം ഭാഗത്തിലും മുഖ്യ കഥാപാത്രം. കിയാര അദ്വാനിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീ സീരീസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഭുഷൻ കുമാർ, ക്രിഷൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് ശിരോദ്കുമാർ, പ്രിതം, തനിഷ്ക് എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആദ്യ പതിപ്പിലെ ഗാനങ്ങൾ രണ്ടാം പതിപ്പിലും ഉണ്ടാവുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഗൌതം ശർമയാണ് ചിത്രത്തിൻറ്റെ വിതരണം.
മധു മുട്ടത്തിൻറ്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ശോഭന, മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെൻറ്റ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ നിരവധി ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.