മേപ്പടിയാനു ശേഷം പുതിയ ചിത്രവുമായി ഉണ്ണി മുകുന്ദൻ. ‘ഷഫീക്കിൻറ്റെ സന്തോഷം’ ചിത്രീകരണം ആരംഭിച്ചു.

ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ബാല, ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷഫീക്കിൻറ്റെ സന്തോഷം ചിത്രീകരണം ആരംഭിച്ചു. അനൂപ് പന്തളം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മേപ്പടിയാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിൻറ്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ചിത്രമാണ് ഷഫീക്കിൻറ്റെ സന്തോഷം. ചിത്രത്തിൽ ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സിമ്നു സിജോ, ഹരീഷ് പേങ്ങൻ, ബോബൻ സാമുവൽ, അസീസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ, പൊള്ളാച്ചി രാജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 16 ന് ഈരാറ്റുപേട്ടയിൽ ആരംഭിച്ചു.

രസകരമായ ഒരു കുടുംബ ചിത്രമാണ് ഇത്. പാറത്തോട് എന്ന ഒരു ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷഫീഖ് എന്ന യുവാവിൻറ്റെ കഥയാണിത്. മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഷഫീഖ്. ഒരു സമ്പൂർണ്ണ ഫാമിലി എൻറ്റർടെയ്നർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

എൽദൊ ഐസക് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. എഡിറ്റർ നൌഫൽ അബ്ദുള്ള. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. പ്രൊഡക്ഷൻ ഡിസൈനർ ശ്യാം കാർത്തികേയൻ. മേക്കപ്പ് അരുൺ ആയൂർ. വസ്ത്രാലങ്കാരം അരുൺ മനോഹർ. സ്റ്റിൽസ് അജി മസ്ക്കറ്റ്. പരസ്യകല മാ മി ജോ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ. പി ആർ ഒ എ എസ് ദിനേശ്.