‘ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്’ കെജിഎഫ് 2-ബീസ്റ്റ് റിലീസിനെക്കുറിച്ച് യാഷ്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് യാഷ് നായകനായി എത്തുന്ന കെജിഎഫ് 2ഉം ഇളയദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റും. ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം ഏപ്രിൽ 14ന് കെജിഎഫ് 2ഉം റിലീസിന് എത്തുന്നതാണ്. രണ്ട് താരങ്ങൾ മാത്രമല്ല രണ്ട് ഇൻഡസ്ട്രികൾ കൂടിയാണ് ഈ പ്രാവശ്യം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ യാഷ് നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിൻറ്റെ പ്രമോഷൻറ്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴാണ് യഷ് ഈ കാര്യം വ്യക്തമാക്കിയത്.

“ ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അവർക്ക് അവരുടേതായിട്ടുള്ള ചോയ്സും പ്രിഫറൻസും ഉണ്ട്. എല്ലാവരുടെയും താൽപര്യം ഒരുപോലെയല്ല. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരുടെയും സിനിമകളെയും വർക്കുകളെയും ഞാൻ ബഹുമാനിക്കുന്നു. എല്ലാവരും നിങ്ങളെ എൻറ്റർടൈൻ ചെയ്യാനാണ് ശ്രമിക്കുന്നത്. ക്ലാഷ് റിലീസ് എന്നത് ആരുടെയും കൺട്രോളിലല്ലലോ. കെജിഎഫിൻറ്റെ റിലീസ് എട്ട് മാസം മുമ്പ് തീരുമാനിച്ചതാണ്. അന്ന് സിനിമ റിലീസ് ചെയ്യുമ്പോൾ ആരെങ്കിലും ഇതിനൊപ്പം തന്നെ മറ്റൊരു സിനിമയും റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. അതിനെക്കുറിച്ച് ചിന്തിക്കുന്നുമില്ല. എനിക്കെന്ത് ചെയ്യാൻ സാധിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. മറ്റെല്ലാം പ്രേക്ഷകരുടെ കൈയിലാണ്. എല്ലാം അവർക്ക് വിടുകയാണ്. എൻറ്റെ അഭിപ്രായത്തിൽ പ്രേക്ഷകർ എല്ലാ സിനിമയും കാണണം. എൻറ്റെ സിനിമ റിലീസ് ചെയ്യുന്നതുക്കൊണ്ട് മാത്രം മറ്റാരുടേയും സിനിമ കാണരുതെന്ന് ഒരിക്കലും പറയില്ല. എൻറ്റെ സിനിമ കാണണം നല്ലതാണെങ്കിൽ മറ്റ് സിനിമയും കാണണം” എന്നും യാഷ് പറഞ്ഞു.

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പെടെ നിരവധി ഭാഷകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്യുന്നത്. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. 2018ലാണ് കെജിഎഫിൻറ്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ടാഴ്ചക്കൊണ്ട് 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.