രാജമൌലി ചിത്രം ആർആർആർ വേണ്ടെന്നുവെച്ച അഞ്ച് നായികമാർ
ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ് എസ് രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആർആർആർ. പ്രഖ്യാപനസമയം മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായി രാജമൌലി ആദ്യം പരിഗണിച്ചിരുന്നത് ആലിയ ഭട്ടിനെ ആയിരുന്നില്ല എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
എൻടിആറിൻറ്റെ നായികയായി രാജമൌലി ആദ്യം സമീപിച്ചത് ശ്രദ്ധ കപൂറിനെ ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് പല ചിത്രങ്ങളുടെയും തിരക്കുകൾ കാരണമാണ് ശ്രദ്ധ ചിത്രത്തിൽ നിന്നും പിന്മാറിയത്. അതുപോലെ വിദേശ വനിതയുടെ വേഷം ചെയ്യാൻ ആർആർആർ ടീം ആദ്യം സമീപിച്ചത് കത്രിന കൈഫിൻറ്റെ സഹോദരി ഇസബെൽ കൈഫിനെയായിരുന്നു. എന്നാൽ ചിത്രത്തിൻറ്റെ മുഴുവൻ തിരക്കഥയും വിശദാംശങ്ങളും അറിയണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഇസബെൽ ചിത്രത്തിൽ നിന്നും പിന്മാറിയത്.
ഒലിവീയ മോറിസിന് മുമ്പ് വിദേശ വനിതയുടെ വേഷം ലഭിച്ചിരുന്നത് ഡെയ്സി എഡ്ഗർ ജോൺസിന് ആയിരുന്നു. എന്നാൽ സിനിമയുടെ ഷൂട്ടിംങ് പലവട്ടം വൈകിയതിനെ തുടർന്നാണ് താരം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും റിപ്പോർട്ടുണ്ട്. ഒഴിവാക്കാനാവാത്ത കാരണങ്ങൾക്കൊണ്ട് ചിത്രത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഡെയ്സി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. തുടർന്ന് ആ വേഷം ആമി ജാക്സണിലേയ്ക്ക് എത്തിയെന്നും എന്നാൽ ആമിയും പിന്മാറിയതോടെ വേഷം ഒലിവീയ മോറിസിലേക്ക് എത്തുകയായിരുന്നുവെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.