തമിഴ് ചിത്രത്തിൽ അരങ്ങേറാനൊരുങ്ങി സൂപ്പർ ശരണ്യ താരം മമിത ബൈജു; അരങ്ങേറ്റം സൂര്യ നായകനാവുന്ന ചിത്രത്തിലൂടെ
തമിഴ് ചിത്രത്തിൽ അരങ്ങേറാനൊരുങ്ങി സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ മമിത ബൈജു. സൂര്യ നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് സിനിമാ അരങ്ങേറ്റം. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല. സൂര്യയുടെ കരിയറിലെ നാൽപ്പത്തി ഒന്നാമത്തെ ചിത്രമാണിത്. 18 വർഷത്തിന് ശേഷം സൂര്യയും സംവിധായകൻ ബാലയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. പിതാമഹന് ആയിരുന്നു നേരത്തെ ഇരുവരും ഒരുമിച്ച ചിത്രം.
ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ടൂഡി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് കന്യാകുമാരിയിൽ ആരംഭിച്ചു. സൂര്യ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. “ എൻറ്റെ മെൻറ്ററായ സംവിധായകൻ ബാല അണ്ണ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു. 18 വർഷങ്ങൾക്ക് ശേഷം, ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. ഈ നിമിഷം നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്ക് ഉണ്ടാകണം” എന്നാണ് താരം കുറിച്ചത്.
ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജി വി പ്രകാശ് സംഗീത സംവിധാനവും, എഡിറ്റിംങ് സതീഷ് സൂര്യയും കലാസംവിധാനം വി മായ പാണ്ടിയും നിർവ്വഹിക്കുന്നു.
എതർക്കും തുനിന്തവനാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സൂര്യയുടെ ചിത്രം. പാണ്ടിരാജ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായികയായി വേഷമിട്ടത്. വിനയ് റായ്, സത്യരാജ്, രാജ്കിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.