“അജിത്ത് ചിത്രം വലിമൈ വേണ്ടന്ന് വെച്ചത് മിന്നൽ മുരളിയ്ക്ക് വേണ്ടി” ടൊവിനോ തോമസ്

അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് വലിമൈ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ഏറേ നാളുകൾക്ക് ശേഷം അജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വലിമൈ. ചിത്രത്തിലെ വില്ലനായി വേഷമിട്ടത് കാർത്തികേയ ആയിരുന്നു. ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത് ടൊവിനോ തോമസിനെ ആയിരുന്നു. എന്നാൽ മിന്നൽ മുരളിയ്ക്ക് വേണ്ടി താൻ ഈ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോൾ.
ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഈ കാര്യം തുറന്ന് പറഞ്ഞത്. “ എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു നടനാണ് അജിത്ത് കുമാർ. പക്ഷേ അതിനേക്കാൾ ഞാൻ മിന്നൽ മുരളിയ്ക്കാണ് പ്രാധാന്യം കൊടുത്തതും കൊടുക്കേണ്ടിയിരുന്നതും. അത് ശരീയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് അതാണ് കാലം തെളിയിച്ചത്.”
“കൂടാതെ ആമീർ ഖാൻറ്റെ ലാൽ സിങ് ഛദ്ദയിലെ ഒരു കഥാപാത്രത്തിലേക്കും എന്നെ വിളിച്ചിരുന്നു. മിന്നലിൻറ്റെ ഷൂട്ട് നടക്കുമ്പോഴാണ് ഈ കഥാപാത്രം ചെയ്യാൻ വിളിക്കുന്നത്. അത് ഒരു സൌത്ത് ഇന്ത്യൻ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷേ മിന്നലിൻറ്റെ ഷൂട്ട് എപ്പോൾ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥ ആയതുക്കൊണ്ട് വേണ്ടന്ന് വെച്ചതാണെന്നും” ടൊവിനോ പറഞ്ഞു.
ആഷിക് അബു ചിത്രം നാരദനാണ് ഇനി റിലീസ് കാത്തിരിക്കുന്ന ടൊവിനോയുടെ പുതിയ ചിത്രം. മാർച്ച് മൂന്നിനാണ് ചിത്രത്തിൻറ്റെ റിലീസ്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.