തെന്നിന്ത്യൻ സുന്ദരി സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശാകുന്തളം. കാളിദാസൻറ്റെ ശാകുന്തളത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ശകുന്തളയായാണ് സാമന്ത അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വെള്ള വസ്ത്രം അണിഞ്ഞ് തടാകത്തിൻറ്റെ കരയിൽ ഇരിക്കുന്ന ശകുന്തളെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. താരത്തിൻറ്റെ സൌന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി ആരാധകരും പോസ്റ്ററിന് കമൻറ്റുമായി എത്തിയിട്ടുണ്ട്.
പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ശാകുന്തളം. രുദ്രമാദേവിയ്ക്ക് ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്.വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് നായകനായി എത്തുന്നത് ദുഷ്യന്തനായാണ് ദേവ് മോഹൻ ചിത്രത്തിൽ വേഷമിടുന്നത്. മോഹൻ ബാബു, പ്രകാശ് രാജു, ഗൌതമി, അതിഥി ബാലൻ, അനന്യ നാഗെല്ല, മധുബാല, കബീർ ബേഡി തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അല്ലു അർജുൻറ്റെ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ദേശീയ പുരസ്ക്കാര ജേതാവായ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രം ഒരുക്കുന്നത്. നീലിമ ഗുണയും ദിൽ രാജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാളിദാസൻറ്റെ ഇതിഹാസ പ്രണയകഥ സിനിമയാകുമ്പോൾ ഏറേ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാക്കിലെ രണ്ട് കാതലാണ് ഇനി റിലീസ് കാത്തിരിക്കുന്ന സാമന്തയുടെ അടുത്ത ചിത്രം.