‘നായാട്ടി’ൽ ഞെട്ടിച്ച വനിതാ എസ് പി അനുരാധ ആരാണെന്ന് അറിയുമോ ?

Nayattu Movie Actress Yama

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയിൽ ക്രൈം ബ്രാഞ്ച് എസ്പി അനുരാധയായി വേഷമിട്ടയാളാണ് യമ. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമയ്ക്കും ഈ വനിത എസ്പിക്കും ലഭിച്ചത്. അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി ഫോൺകോളുകളാണ് യമയെ തേടിയെത്തിയത്. ഇത്ര വലിയ പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് യമ പറയുന്നു. തിയേറ്ററിൽ പോയി സിനിമ കാണാൻ ഇതുവരെയും കഴിഞ്ഞില്ല. ഗർഭസംബന്ധമായ വിശ്രമത്തിലാണ് ഈ മലയാളി താരം.

അഭിനയവും എഴുത്തുമാണ് യമയ്ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ. ഇതിനു മുൻപ് വിപിൻ വിജയ് സംവിധാനം ചെയ്ത പ്രതിഭാസം, ചിത്രസൂത്രം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും സിനിമയിൽ നിന്ന് ഓഫറുകൾ വന്നിട്ടുണ്ട്, എങ്കിലും താത്പര്യം തോന്നിയിരുന്നില്ല. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠനം പൂർത്തിയാക്കിയെങ്കിലും അഭിനയം പ്രൊഫഷൻ ആക്കാൻ താത്പര്യമില്ലെന്നാണ് യമ പറയുന്നത്. ‘ അത് ഒരു പാഷനായി കാണാനാണ് താൻ ആഗ്രഹിക്കുന്നത് .

ചില യാത്രകളൊക്കെയായി ഊട്ടിയിൽ എത്തിയതായിരുന്നു. അപ്പോഴാണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് വിളിക്കുന്നത്. എന്നാൽ അഭിനയിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറി. കഥ കേട്ടിട്ട് തീരുമാനിക്കാം എന്നായി മാർട്ടിൻ. അങ്ങനെ തിരക്കഥാകൃത്ത് ഷാഹി കബീർ വിളിച്ചു കഥ പറഞ്ഞു. തിരക്കഥയും അയച്ചുതന്നു. അങ്ങനെയാണ് നായാട്ടിൽ അഭിനയിക്കാം എന്നു തീരുമാനിക്കുന്നത്.

നാടകങ്ങളിൽ കൂടുതലും ചെയ്തിരിക്കുന്നത് ഫിസിക്കൽ തിയേറ്റർ ആണ്. അതുകൊണ്ട് ഈ വേഷം അഭിനയിക്കാൻ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. കൂടാതെ തിരക്കഥാകൃത്ത് ഷാഹി കബീർ ഒരു പോലീസ് ഓഫീസറായതിനാൽ ഒരു പോലീസ് ഉദ്ദ്യോഗസ്ഥയുടെ ശരീരഭാഷ വരുത്തുവാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

അനിൽ നെടുമങ്ങാടിൻറ്റെ മരണം വലിയ ആഘാതമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ അദ്ദേഹം എൻറ്റെ സീനിയർ ആയിരുന്നു. പിന്നീട് പല വേദികളിലും വച്ച് അനിലിനെ കണ്ടിട്ടുണ്ട്. എന്നാൽ ഒരിക്കലും സംസാരിച്ചിട്ടില്ലായിരുന്നു. നായാട്ടിൻറ്റെ സെറ്റിൽ വച്ചാണ് അനിലുമായി സംസാരിക്കുന്നതും സൌഹൃദത്തിലാകുന്നതും. ആളൊരു ചൂടൻ ആണെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ അദ്ദേഹം നല്ല കെയറിങ് ആയിരുന്നു.

കൂടുതൽ ഷൂട്ടിംഗും കാടിനുള്ളിലായിരുന്നു. നല്ല തണുപ്പും ഉണ്ടായിരുന്നു. വണ്ടിയിൽ നിന്ന് ഇറങ്ങി അരമുക്കാൽ മണിക്കൂർ നടന്നാണ് ലൊക്കേഷനിൽ എത്തിയിരുന്നത്. ആദ്യ ദിവസം തന്നെ കാലുളക്കി വീണു. ഷൂട്ടിംഗ് മുഴുവനും തീർന്നപ്പോഴേക്കും അത് വലിയ മുറിവായി കഴിഞ്ഞിരുന്നു. പിന്നീട് അഞ്ചു മാസത്തോളം റെസ്റ്റ് എടുക്കേണ്ടിവന്നു.

മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് യമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.