‘ഇപ്പോഴും മടികൂടാതെ കഥാപാത്രങ്ങൾ ചോദിച്ച് വാങ്ങാറുണ്ട് ‘അജു വർഗ്ഗീസ്

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിച്ചേർന്ന അജു വർഗ്ഗീസ് ഇപ്പോൾ നടൻ എന്നതിലുപരി നിർമ്മാതാവും തിരക്കഥാകൃത്തുമെല്ലാമാണ്. ഹാസ്യത്താരത്തിനുമപ്പുറം ഒരു അഭിനേതാവ് എന്ന നിലയിൽ നമ്മെ ഞെട്ടിച്ചുക്കൊണ്ടിരിക്കുകയാണ് അജു വർഗ്ഗീസ് ഇപ്പോൾ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് തൻറ്റെ അഭിനയമികവ് തെളിയിച്ചിരിക്കുകയാണ് അജു. ഇപ്പോഴിതാ ഈ വേഷങ്ങൾ എല്ലാം തന്നെ താൻ ചോദിച്ച് വാങ്ങിയതാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് അജു. ഇപ്പോഴും മടികൂടാതെ കഥാപാത്രങ്ങൾ ചോദിച്ച് വാങ്ങാറുണ്ടെന്ന് പറയുകയാണ് അജു.
“മേപ്പടിയാൻ ഞാൻ തേടിപ്പിടിച്ച വേഷമാണെന്ന് പറയുന്നതാകും ശരി. നല്ലൊരു തിരക്കഥയാണെന്നും നല്ല സിനിമയാണെന്നും എൻറ്റയൊരു സംവിധായക സുഹൃത്ത് വഴി കേട്ടറിഞ്ഞാണ് സംവിധായകൻ വിഷ്ണു മോഹനെയും പിന്നെ ഉണ്ണിയെയും ഞാൻ സമീപിക്കുന്നത്. ആദ്യം എനിക്ക് ആ ചിത്രത്തിൽ വേഷമില്ലായിരുന്നു. എൻറ്റെ ആഗ്രഹം അറിഞ്ഞപ്പോൾ ആ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് എന്നെ പരിഗണിക്കുകയായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് നല്ല ഡെപ്തുള്ള ഒരു വേഷമായിരുന്നു. ഞാനിതുവരെ ചെയ്യാത്തത്. അത് മേപ്പടിയാനിൽ ലഭിച്ചു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമ ശ്രദ്ധിക്കപ്പെടുമ്പോൾ സ്വഭാവികമായും അതിലെ കഥാപാത്രങ്ങളും ചർച്ചയാകും. നല്ല പ്രതികരണങ്ങളാണ് മേപ്പടിയാനിലെ സേവ്യറിന് ലഭിക്കുന്നത്. ആഗ്രഹിച്ച പോലെ മിന്നൽ മുരളിയിലെ കഥാപാത്രവും മേപ്പടിയാനും സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്.
ചെറിയൊരു വാക്കിലാണ് ഹെലനും മിന്നൽ മുരളിയും കിട്ടിയത്. ഹെലനിലെ എൻറ്റെ കഥാപാത്രത്തെ സ്ക്രീനിൽ കാണുമ്പോൾ ആത്മവിശ്വാസത്തേക്കാൾ ഒരു ആശ്വാസമാണ് തോന്നിയത്. ഒരു ശ്രമം നടത്തിയത് കുഴപ്പമില്ലാതെ വന്നിട്ടുണ്ടല്ലോ എന്നൊരു ആശ്വാസം. മിന്നൽ മുരളിയിലെ കഥാപാത്രത്തെക്കുറിച്ച് ബേസിൽ പറഞ്ഞപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിൻറ്റെ ഗ്രാഫിൽ തന്നെ നർമം സ്വഭാവികമായി വരുന്ന സന്ദർഭങ്ങളുണ്ട്. അതുക്കൊണ്ട് ആ കഥാപാത്രം ചെയ്യുമ്പോൾ സ്വാഭാവികതയോടെ അൽപം ലൌഡ് ആയി അവതരിപ്പിച്ചാൽ മതിയെന്നു പറഞ്ഞു. ഞാൻ ആ ലേണിങ്ങ് പ്രോസസിൽ ആയതുക്കൊണ്ട് അതിൻറ്റെ ഔട്ട്പുട്ട് എന്താകുമോ എന്നൊരു ആശങ്കയൊന്നുമില്ല. ചെയ്യുന്ന കാര്യത്തിലാണ് എൻറ്റെ കൂടുതൽ ശ്രദ്ധ. ബാക്കിയൊന്നും എന്നെയിപ്പോൾ അലോസരപ്പെടുത്തുന്നില്ല. അഭിനേതാവ് എന്ന നിലയിൽ അപ്ഡേറ്റ് ചെയ്യണമെന്ന് എന്നെ എപ്പോളും ഓർമിപ്പിക്കാറുള്ളത് മിഥുൻ മാനുവൽ തോമസാണ്.” അതിൻറ്റെ ആവശ്യകതയെക്കുറിച്ച് മിഥുൻ എപ്പോഴും പറയുമെന്നും അജു വ്യക്തമാക്കി.