സൌബിൻ ഷാഹിറും ഉർവശിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മമ്മൂട്ടിയാണ് ചിത്രത്തിൻറ്റെ പോസ്റ്റർ പുറത്തിറക്കിയത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒരു പോലീസുകാരൻറ്റെ മരണം എന്ന് ആണ് പേരിട്ടിരിക്കുന്നത്.
വൈശാഖ് സിനിമാസിൻറ്റെയും റയൽ ക്രിയേഷൻസിൻറ്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഉർവശിയും സൌബിനും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇടവേളക്കു ശേഷം ഉർവശി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബിനു പപ്പു, കോട്ടയം രമേഷ്, മുത്തുമണി, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഒരു പോലീസുകാരൻറ്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറ്റെ പ്രമേയം.
ചിത്രത്തിൻറ്റെ സ്വിച്ച് ഓൺ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് നടന്നു. 2009 മുതൽ ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്യാമപ്രസാദിൻറ്റെ സഹ സംവിധായക കൂടിയായിരുന്നു രമ്യ അരവിന്ദ്. ഋതു, അരികെ, ഇലക്ട്ര, ആർട്ടിസ്റ്റ്, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലും ചീഫ് അസോസിയേറ്റ് ആയിരുന്നു.
വാഗമൺ ആണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ. ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരൺദാസ്. മേക്കപ്പ് ജോ കൊരട്ടി, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോൺ, കലാസംവിധാനം ഗോകുൽ ദാസ്, ടൈറ്റിൽ ഡിസൈൻ പ്രജ്വാൾ സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉമേഷ് രാധാകൃഷ്ണൻ.