ഹോം ഇനി ബോളിവുഡിലേക്ക്. അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൌസും ഒരുമിക്കുന്നു.

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹോം. ഓഗസ്റ്റ് 19 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. സംവിധായകൻ എ ആർ മുരുഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഫ്രൈഡേ ഫിലിം ഹൌസിൻറ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിച്ചത്. ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നെൽസൺ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആൻറ്റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗ്ഗീസ്, കിരൺ അരവിന്ദാക്ഷൻ, ചിത്ര, പ്രിയങ്ക നൈറിൻ തുടങ്ങീ നിരവധി താരങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.
ഇപ്പോൾ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അബൻടൻഷ്യ എൻറ്റർടെയ്മൻറ്റ്സും ഫ്രൈഡേ ഫിലിം ഹൌസും ചേർന്നാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസിൻറ്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാണ് ഈ ചിത്രം.
21 വർഷം മുമ്പ് മുംബൈയിൽ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിൻറ്റെ ഒന്നാം പേജിൽ ഇടം നേടണമെന്നും ഒരു ദിവസം ബോളുവുഡിൻറ്റെ ഭാഗം ആകണമെന്നും സ്വപ്നം കണ്ടിരുന്നു. ഹോം അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഓർക്കുന്നു. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. അബൻടൻഷ്യയുമായി പങ്കാളി ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും വിജയ് ബാബു കുറിച്ചു. മുബൈ ടൈംസിൽ വന്ന വാർത്തയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്.