കുറുപ്പിൽ അതിഥിതാരമായി പൃഥിരാജ്? പ്രതികരണവുമായി ദുൽഖർ സൽമാൻ

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിൻറ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിൽ ശോഭിത ധൂലിപാലയാണ് നായിക. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി തുടങ്ങീ വൻതാരനിരയും അണിനിരക്കുന്ന ചിത്രത്തിൽ കൌതുകമുണർത്തുന്ന ചില അതിഥിവേഷങ്ങളുമുണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥിരാജ്, ടൊവിനോ തുടങ്ങിയവരൊക്കെ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നു എന്ന് നടൻ ഭരത് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ ഇപ്പോൾ.

“കുറുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹജനകമാണ്. നിങ്ങളിലേക്ക് ചിത്രം വേഗത്തിൽ എത്തിക്കാനുള്ള ആവേശത്തിലാണ് ഞാനും. അതെന്തായാലും നിലവിൽ ചിത്രത്തെക്കുറിച്ച് ഒട്ടേറേ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. സമയമെത്തുമ്പോൾ കുറുപ്പ് കണ്ട് ചിത്രത്തിൽ ആരൊക്കെയാണ് അതിഥി താരങ്ങളെന്ന് നേരിട്ടുതന്നെ നിങ്ങൾക്ക് അറിയാനാവും. നിലവിൽ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ താരങ്ങളുടെ ആരാധകർക്ക് ആഗ്രഹം നൽകിയിട്ട് ഞങ്ങൾ അവരെ നിരാശരാക്കേണ്ടി വരുന്നത് ഒരു നല്ല കാര്യമല്ല” എന്നാണ് ദുൽഖർ തൻറ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

35 കോടി ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ദുൽഖറിൻറ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. വേഫെയർ ഫിലിംസും എം സ്റ്റാർ എൻറ്റർടൈൻമെൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.