അച്ഛനും അമ്മയ്ക്കും എതിരെ കോടതിയെ സമീപിച്ച് നടൻ വിജയ്. തൻറ്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപികരിക്കുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ ശേഖർ, ആരാധക സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടിവ് മെമ്പർമാർ എന്നിവർ അടക്കം 11 പേർക്കെതിരെ ആണ് വിജയ് പരാതി നൽകിയത്. തൻറ്റെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപികരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും ഇവരെ തടയണമെന്നാണ് വിജയ് നൽകിയ ഹർജിയിലെ ആവശ്യം. കേസ് സെപ്റ്റംബർ 27 ലേക്ക് മാറ്റി.
വിജയിയുടെ പേരിൽ പുതിയ പാർട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിൻറ്റെ ബന്ധു പത്മനാഭൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം എന്ന പേരിൽ പാർട്ടി രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വിജയിയുടെ അച്ഛനും അമ്മയും ആണ് പാർട്ടിയുടെ ട്രഷറൻമാർ.
എന്നാൽ തൻറ്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിന് താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നായിരുന്നു വിജയിയുടെ നിലപാട്.അതേസമയം തമിഴ്നാട്ടിൽ അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധക സംഘട്ടനയായ വിജയ് മക്കൾ ഇയത്തിന് നടൻ അനുമതി നൽകിയിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് അടുത്ത മാസം ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്.
അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും വിജയ് ഉണ്ടായിരിക്കുകയില്ല എന്നാണ് വിവരം. എന്നാൽ തൻറ്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് വിജയ് അനുമതി നൽകിയിട്ടുണ്ട്. അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്ന നിർദ്ദേശവും താരം നൽകിയിട്ടുണ്ട്.