വൺ ലൈൻ പറഞ്ഞു. മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. പ്രാഞ്ചിയേട്ടൻ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുകയാണെന്ന് രഞ്ജിത്ത്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻറ്റ്. 2010 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും വലിയ ഹിറ്റ് എന്നു തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ കുറെ നാളായി പുറത്തുവരുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണമെന്നും ലഭിച്ചിരുന്നില്ല.

എന്നാൽ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് രഞ്ജിത്ത് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം നാളുകളായി രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുകയായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു വൺ ലൈൻ കിട്ടിയപ്പോൾ മമ്മൂട്ടിയോട് പറഞ്ഞു. അത് അദ്ദേഹത്തിന് ഇഷ്ടമായി. അദ്ദേഹം അതിന് ഓകെ പറയുകയും ചെയ്തു. ഇപ്പോൾ ചിത്രത്തിൻറ്റെ തിരക്കഥ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്ത് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം 2010 ലാണ് പുറത്തിറങ്ങുന്നത്. തൃശ്ശൂരുകാരനായ സി കെ ഫ്രാൻസിസ് എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചത്. സിനിമയിൽ തൃശ്ശൂർ ശൈലിയിലുള്ള മമ്മൂട്ടിയുടെ സംസാരവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഠിനാധ്വാനം കൊണ്ട് ജീവിതത്തിൽ വിജയം കൈവരിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് സിനിമയിൽ പറയുന്നത്.

മമ്മൂട്ടിക്കു പുറമേ പ്രിയാമണി, ഇന്നസെൻറ്റ്, സിദ്ദിഖ്, ഖുശ്ബു, ശശി കലിങ്ക, ബിജു മേനോൻ, ജഗതി ശ്രീകുമാർ, ശ്രീജിത്ത് രവി, ടി ജെ രവി, ടിനി ടോം, ബാലചന്ദ്രൻ ചുള്ളിക്കാട്, ഗണപതി, ഇടവേള ബാബു, ശിവാജി ഗുരുവായൂർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ടായിരുന്നു. 2010 ൽ മികച്ച ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രം കൂടിയാണ് പ്രാഞ്ചിയേട്ടൻ.