അനിയത്തിപ്രാവിനു ലഭിച്ച പ്രതിഫലം എത്ര ? വെളിപ്പെടുത്തി ചാക്കോച്ചൻ

1997 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം ആണ് അനിയത്തി പ്രാവ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണിത്. വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിൻറ്റെ പുതുമ ഇതുവരെയും നഷ്ടപ്പെട്ടിട്ടില്ല. ചാക്കോച്ചനെ കുറിച്ചോ ശാലിനിയെ കുറിച്ചോ കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് കടന്നുവരുന്ന ചിത്രങ്ങളിൽ ഒന്നാണ് അനിയത്തിപ്രാവ്. സുധിയും മിനിയും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.ഇപ്പോഴിതാ തൻറ്റെ ആദ്യ ചിത്രത്തിനു ലഭിച്ച പ്രതിഫലം എത്രയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാക്കോച്ചൻ.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പ്രോഗ്രാമിൽ പങ്കെടുക്കുമ്പോഴാണ് ചാക്കോച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടിയായാണ് ചാക്കോച്ചൻ ഇതിനെക്കുറിച്ചു പറഞ്ഞത്. അമ്പതിനായിരം രൂപയാണ് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എന്നാണ് ചാക്കോച്ചൻ പറയുന്നത്.

കുഞ്ചാക്കോ ബോബനു പിന്നാലെ സുരേഷ് ഗോപിയും തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം എത്രയാണെന്നു വെളിപ്പടുത്തി. നവോദയ അപ്പച്ചൻ നിർമ്മാതാവായ ചിത്രത്തിലാണ് താൻ ആദ്യമായി അഭിനയിച്ചതെന്നും അന്ന് അതിന് 2500 രൂപയുടെ ഒരു ചെക്ക് ആണ് തനിക്ക് നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആണ് ചാക്കോച്ചൻ പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോ ആയി മാറുന്നത്. സ്വർഗചിത്ര അപ്പച്ചനായിരുന്നു ചിത്രം നിർമ്മിച്ചത്. പിന്നീട് നിറം, സ്വപ്നക്കൂട്, കസ്തൂരിമാൻ, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ചാക്കോച്ചൻ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു.

എന്നാൽ ചോക്ലേറ്റ് ഹീറോ ആയി സിനിമയിൽ എത്തിയ താരത്തെ ഇപ്പോൾ കൂടുതലും തേടി വരുന്നത് ത്രില്ലർ ചിത്രങ്ങളാണ്. അഞ്ചാം പാതിര, വൈറസ്, നിഴൽ, നായാട്ട് തുടങ്ങിയ സിനിമകളിൽ എല്ലം വ്യത്യസ്തമായ ഒരു ചാക്കോച്ചനെ ആണ് എല്ലാവരും കണ്ടത്. പട, ഭീമൻറ്റെ വഴി, ആറാം പാതിര, ന്നാ താൻ കേസ് കൊട്, അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങൾ താരത്തിൻറ്റെ ഇനി പുറത്തിറങ്ങാനുള്ളത്.